സംസ്ഥാനത്തെ ലോക്ക്ഡൗൺ; അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ ടിപിആർ കുറയാത്തതും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാലും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ടിപിആർ നിരക്ക് കാര്യമായി കുറയാത്തത് കൊണ്ട് കൂടുതൽ കർശനമായ നിയന്ത്രണങ്ങളെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.

സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണെങ്കിലും മരണ നിരക്ക് കുറയാത്തത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുകയാണ്. തൊഴിൽ മേഖലയുടെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെടുക്കുക. പൂർണമായ തുറന്ന് കൊടുക്കലിലേക്ക് പോയാൽ രോഗവ്യാപനം വീണ്ടും വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം

Exit mobile version