വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ബിന്ദു കൃഷ്ണ; വനിതാ കമ്മീഷന് പരാതി നല്‍കി

bindhu krishna | Bignewslive

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ. വനിതാ കമ്മീഷനാണ് പരാതി നല്‍കിയിരിക്കുന്നത്. ബിന്ദു കൃഷ്ണ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചു. താന്‍ അനുഭവിക്കുന്ന ഗാര്‍ഹികപീഡന ആവലാതി പറയാന്‍ ടെലി പ്രോഗ്രാമില്‍ വിളിച്ച യുവതിയോട് ധാര്‍ഷ്ട്യത്തോടെയും പുച്ഛഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

വനിതകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നത് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പതിവാക്കിയിരിക്കുകയാണ്. ടെലി പ്രോഗ്രാമില്‍ വിളിച്ച യുവതിക്ക് താന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കാരണമോ, വേദന കാരണമോ, ഭയം കാരണമോ ആകാം അച്ചടി ഭാഷയില്‍ സംസാരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ അത് തിരിച്ചറിയാന്‍ പോലും ശ്രമിക്കാതെ പുച്ഛത്തോടെയും, ധാര്‍ഷ്ട്യത്തോടെയും സംസാരിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ നിലപാട് അപമാനകരമാണ്.

സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി പോലീസ് വകുപ്പില്‍ പുതിയ വിഭാഗങ്ങള്‍ക്ക് രൂപം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ അതിന് പിന്നാലെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയില്‍ നിന്നുതന്നെ ഉണ്ടായ മോശമായ നടപടികള്‍ സംസ്‌കാര സമ്പന്ന കേരളത്തിന് യോജിച്ചതല്ല.

സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, അവരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി നിയമപരമായും സാമൂഹ്യപരമായും പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷന്‍. എന്നാല്‍ അതിനെ ധ്വംസിക്കുന്ന തരത്തിലുള്ള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസ് എടുക്കാനും നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Exit mobile version