വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ട? സികെ ശശീന്ദ്രന് നൽകിയത് കടം വാങ്ങിയ പണം; ഇടപാട് ബാങ്കുവഴി; പികെ നവാസിന്റെ ആരോപണത്തോട് സികെ ജാനു

കൽപ്പറ്റ: സികെ ജാനുവിന് കെ സുരേന്ദ്രൻ നൽകിയ പണം സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നൽകിയെന്ന എംഎസ്എഫ് നേതാവിന്റെ ആരോപണം തള്ളി സികെ ജാനു. താൻ സികെ ശശീന്ദ്രന് കൈമാറിയത് അധ്വാനിച്ചുണ്ടാക്കിയ പണമാണെന്നും കടം വാങ്ങിയ പണം തിരിച്ചുനൽകുകയാണ് ചെയ്തതെന്നും സികെ ജാനു വിശദീകരിച്ചു. സികെ ശശീന്ദ്രന്റെ കൈയ്യിൽ പണമില്ലാത്തതിനാൽ ബാങ്ക് വഴി വായ്പയായാണ് പണം നൽകിയതെന്നും അത് ബാങ്കിൽ തന്നെ തിരിച്ചടയ്ക്കുകയായിരുന്നെന്നും അവർ വിശദീകരിച്ചു.

സികെ ജാനു തനിക്ക് തന്നത് വായ്പ വാങ്ങിയ പണമാണെന്ന് നേരത്തെ കൽപ്പറ്റ മുൻ എംഎൽഎ സികെ ശശീന്ദ്രന്റെ അറിയിച്ചിരുന്നു. ഈ വാദം ശരിവെച്ചാണ് സികെ ജാനു രംഗത്തെത്തിയത്.

‘കടം വാങ്ങിയ പണമാണ് സികെ ശശീന്ദ്രന് തിരികെ നൽകിയത്. കൃഷി ചെയ്തു കിട്ടിയ പണമാണ് അത്. കോഴപ്പണമാണ് എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഞാൻ ഒരുപാട് ആളുകളുടെ കൈയിൽ നിന്ന് വായ്പ വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുണ്ട്. പക്ഷേ, പറഞ്ഞ സമയത്ത് ചിലപ്പോൾ തിരിച്ചു കൊടുക്കാൻ പറ്റിയേക്കില്ല. എന്തായാലും അത് തിരിച്ചു കൊടുക്കും. ഇനിയും അങ്ങനെ വായ്പ വാങ്ങിച്ചതും തിരിച്ചു കൊടുക്കാനുള്ളതുമുണ്ട്.’ ജാനു മാധ്യമങ്ങളോട് പറഞ്ഞു.

നാളെ വേറെ ആർക്കെങ്കിലും കൊടുക്കാൻ ഇനിയും അദ്ദേഹത്തിന്റെ അടുത്തുനിന്ന് വാങ്ങും. ശശീന്ദ്രന്റെ കൈയിൽ പൈസ ഇല്ലാതിരുന്നതിനാൽ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നത്. അത് ബാങ്കിൽ തന്നെ തിരിച്ചടച്ചു. അതെന്താ ഒരു ലോണും സംവിധാനവും ഒന്നും ചെയ്യാൻ പറ്റില്ലേ. ഇതെന്ത് ലോകമാണ്. വായ്പയും കടവും ഒന്നും വാങ്ങാൻ പറ്റില്ലേ. 3 ലക്ഷം രൂപ വാങ്ങിച്ചുഅതിൽ എന്റെ കാർ വിറ്റ സമയത്ത് ഒന്നരലക്ഷം രൂപ വിറ്റു. ബാക്കി കൊടുക്കുന്നത് ഈയിടെയാണ്. അതൊന്നും കോഴ വാങ്ങി ഉണ്ടാക്കിയ പൈസയല്ല. അധ്വാനിച്ചുള്ള പൈസയാണ്. വാഹനത്തിന്റെ അടവ് തെറ്റി. അത് അടക്കാൻ വേണ്ടിയാണ് പൈസ വാങ്ങിയത്. ഞാൻ ആരോടെല്ലാം വായ്പ മേടിക്കുന്നുവെന്ന് എന്തിനാണ് പറയേണ്ട ആവശ്യം. ഇതെല്ലാം സാധാരണ മനുഷ്യമ്മാര് ചെയ്യുന്നതല്ലേ. ഇതെല്ലാം സാധാരണമാണ്. അതേ ഞാനും ചെയ്തുള്ളൂ. ശശിയേട്ടനും ഞാനും തമ്മിൽ രാഷ്ട്രീയബന്ധമല്ല. ഞങ്ങൾ സുഹൃത്തുക്കളാണ്.’ -സികെ ജാനു പറഞ്ഞു.

നേരത്തെ, സ്ഥാനാർത്ഥിയാകാൻ സികെ ജാനുവിന് കെ സുരേന്ദ്രൻ നൽകിയ പണം, ജാനു സികെ ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സികെ ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് സികെ ശശീന്ദ്രൻ പറഞ്ഞിരുന്നു. 2019ൽ സികെ ജാനു മൂന്നുലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും പണം വാങ്ങിയത് അക്കൗണ്ടിലൂടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ പറഞ്ഞിരുന്നു.

Exit mobile version