യുവമോർച്ച തിരുവനന്തപുരം ജില്ലാവൈസ് പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു

ആറ്റിങ്ങൽ : യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് കുളത്തുങ്കര സിപിഐഎമ്മിൽ ചേർന്നു. ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കൽ മണ്ഡലം കമ്മിറ്റിയംഗം, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്, ബാലഗോകുലം ഉപജില്ലാ രക്ഷാധികാരി, മുദാക്കൽ സരസ്വതി വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, എബിവിപി, ഹിന്ദു ഐക്യവേദി മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നയാളാണ് സുധീഷ് കുളത്തുങ്കര.

സാമ്പത്തിക, വർഗീയ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ബിജെപി നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ മനംമടുത്താണ് താൻ ബന്ധം ഉപേക്ഷിക്കുന്നതെന്ന് സുധീഷ് പറഞ്ഞു. സിപിഐ എം ആറ്റിങ്ങൽ ഏരിയ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു സുധീഷിനെ പതാക നൽകി സ്വീകരിച്ചു.

മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു അധ്യക്ഷനായി. ഒ എസ് അംബിക എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ലെനിൻ, ഏരിയ കമ്മിറ്റി അംഗം കെ വാരിജാക്ഷൻ എന്നിവർ സംസാരിച്ചു. സിപിഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി സി ജയശ്രീ നന്ദിയും പറഞ്ഞു.

Exit mobile version