കോട്ടയത്ത് കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐക്ക് വെട്ടേറ്റു

കോട്ടയം: പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐ.വിദ്യാധരന് വെട്ടേറ്റു. കോട്ടയം മണിമലയിലാണ് സംഭവം.എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. എസ്.ഐയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.

മണിമല വെള്ളാവൂരിൽ പഴയ ഒരു കുത്തുകേസിലെ പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടുന്നതിനായാണ് എസ്.ഐ വിദ്യാധരന്റെ നേതൃത്വത്തിൽ മണിമല പോലീസ് എത്തിയത്. അജിന്റെ അച്ഛനായ പ്രസാദ് എസ്.ഐ.യുടെ കഴുത്ത് ലക്ഷ്യമാക്കി ആയുധം വീശി. എസ്.ഐ. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്പോൾ പ്രസാദ് പിന്നിൽ നിന്ന് എസ്.ഐയെ ആക്രമിക്കുകയായിരുന്നു. അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതൽ പരിശോധനകൾക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി എസ്.ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കുത്ത് കേസിൽ പ്രതിയായിരുന്ന അജിൻ ഒളിവിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം അജിനെ പിടികൂടാൻ എത്തിയത്.

Exit mobile version