റിങ് റോഡ്:പൊതുമരാമത്തുമന്ത്രിയെ ഇന്ന് വിളിക്കാം

തിരുവനന്തപുരം:പൊതുമരാമത്തുവകുപ്പുമായി ബന്ധപ്പെട്ട നിർദേശവും പരാതിയും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടി ‘റിങ് റോഡി’ലേക്ക് ഇന്ന് വിളിക്കാം. വൈകിട്ട് അഞ്ച് മണി മുതൽ ആറുമണി വരെയാണ് റിങ് റോഡ് പരിപാടി. മന്ത്രിയോട് ജനങ്ങൾക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്നതാണ് റിങ് റോഡ്.

റോഡരികിലെ വെള്ളക്കെട്ട്, അനധികൃത പാർക്കിങ്, പഴയ വാഹനങ്ങൾ വർഷങ്ങളായി റോഡരികിൽ കിടക്കുന്നത് കാരണം ഗതാഗത പ്രശ്‌നവും സാമൂഹ്യവിരുദ്ധ ശല്യവും വർധിക്കുന്നത്, ഡ്രെയ്നേജ് മണ്ണ് നീക്കൽ, റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നുവന്നത്.

ജനങ്ങളുടെ പരാതികൾ കേൾക്കുകയും അപ്പോൾത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്.

ഔദ്യോഗിക യാത്രകൾക്കിടയിൽ ബന്ധപ്പെട്ട പരാതികളിൽ പറഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ച് നടപടി വിലയിരുത്താനും മന്ത്രി സമയം കണ്ടെത്തുന്നുണ്ട്. നിരവധി പരാതിക്ക് അതിവേഗത്തിൽ പരിഹാരം കാണാനും കഴിഞ്ഞു. പൊതുമരാമത്തുവകുപ്പിനു കീഴിലെ കാര്യങ്ങളാണ് റിങ് റോഡിലൂടെ പൊതുമരാമത്തുമന്ത്രിയെ അറിയിക്കേണ്ടത്.

Exit mobile version