ചോര്‍ന്നൊലിക്കു മേല്‍ക്കൂര, ഒറ്റമുറി വീട്; കഷ്ടപ്പാടിലും തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും നല്‍കും രണ്ട് പൊതിച്ചോറ്, നന്മ

തൃശ്ശൂര്‍: ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയിലും കഷ്ടപ്പാടിലും മുടക്കാതെ തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും പൊതിച്ചോറ് നല്‍കുകയാണ് ഈ അമ്മയും മകളും. ഒറ്റമുറി മണ്‍വീട്ടില്‍ കഴിയുന്ന ഇവര്‍ വര്‍ഷങ്ങളായി രണ്ട് പൊതിച്ചോര്‍ നല്‍കി വരികയാണ്.

നഗരത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന ടോണിയുടെ പക്കലാണ് ഇവര്‍ കൊടുത്തയയ്ക്കുന്നത്. ബി.എസ്സിക്ക് പഠിക്കുന്ന മകള്‍ ആതിരയാണ് കുടുംബത്തിലെ ഊര്‍ജം. കുറേനാളായി തുടര്‍ന്ന രണ്ട് പൊതിച്ചോറ് എന്ന ശീലം മുടക്കരുതെന്ന് ആതിരയാണ് വീട്ടുകാരോട് നിര്‍ദേശിച്ചത്. ജന്മനാ ചലനശേഷിയില്ലാത്ത ആതിരയെ അമ്മ എടുത്താണ് സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്.

ഇപ്പോള്‍ ബി. എസ്സിക്ക് ഓണ്‍ലൈനായി പഠിക്കുകയാണ് ആതിര. ഉടമസ്ഥാവകാശ രേഖയുണ്ടെങ്കിലും വീടുവെക്കാന്‍ അനുമതിയില്ലായിരുന്നു ഇവരുടെ 3.75 സെന്റില്‍. അനുമതി കിട്ടിയപ്പോഴേക്കും കുടുംബനാഥന്‍ രാജു കിടപ്പിലായി. ഇതോടെ വീടെന്ന സ്വപ്‌നം സ്വപ്‌നം തന്നെയായി ഇവര്‍ക്ക്. അര്‍ബുദത്തിന് പുറമേ ഹൃദ്രോഗവും പിടികൂടി.

ഭാര്യ സുമതി വീട്ടില്‍ത്തന്നെ നടത്തുന്ന തുന്നല്‍പ്പണി കൊണ്ടാണ് കുടുംബം കഴിയുന്നത്. മകന്‍ അലോകിന് കഴിഞ്ഞ ലോക്ഡൗണ്‍ തീര്‍ന്നയുടന്‍ താത്കാലിക ജോലി കിട്ടിയെങ്കിലും ഈ ലോക്ഡൗണില്‍ അത് നഷ്ടപ്പെട്ടത് കുടുംബത്തിന് തിരിച്ചടിയായി. രാജുവിന്റെ അമ്മ ജാനകിയും വീട്ടിലുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലുമാണ് മുടങ്ങാതെ തെരുവില്‍ കഴിയുന്നവര്‍ക്കായി അന്നം നല്‍കുന്നത്. ഇവരുടെ നന്മ മനസിന് നിറകൈയ്യടികളാണ് ലഭിക്കുന്നത്.

Exit mobile version