പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കും; കൊവിഡ് പരിശോധന പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിര്‍ദേശവുമായി പഞ്ചാബ് സര്‍ക്കാര്‍

ഹരിയാന: കൊവിഡ് പരിശോധനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണപ്പൊതികള്‍ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഉപജീവനമാര്‍ഗം നിലച്ചുപോകുമെന്ന് ഭയന്ന് പലരും കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത സാഹചര്യമാണ് പഞ്ചാബിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

ഭക്ഷണപൊതികള്‍ വിതരണ ചെയ്യുന്നത് വഴി കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകള്‍ തയ്യാറാകും. ഇത് രോഗവിവരം അറിയുന്നതിനും വ്യാപനം തടയുന്നതിനും സഹായിക്കും. ഇതുവഴി മരണനിരക്ക് നിയന്ത്രിക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച പട്യാലയില്‍ നിന്നാണ് ഈ പദ്ധതി ആരംഭിക്കുക എന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഐസൊലേഷനില്‍ കഴിയുന്ന പാവപ്പെട്ട കൊവിഡ് രോഗികള്‍ക്കും സമാനമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രോഗബാധിതരായവരുടെ വീടിന് പുറത്ത് സ്റ്റിക്കറുകളോ പോസ്റ്ററുകളോ പതിക്കുകയില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. എത്രനാള്‍ ഈ മഹാമാരി നീണ്ടുനില്‍ക്കുമെന്ന് അറിയില്ല. അതിനാല്‍ കഠിനവും ദീര്‍ഘവുമായ ഒരു പോരാട്ടത്തിന് ജനങ്ങള്‍ തയ്യാറെടുക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

Exit mobile version