‘വിശപ്പ് രഹിത കാമ്പസ്’ ആയി മാറാന്‍ ഒരുങ്ങി തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളേജ്; ഇവിടെ കഞ്ഞിയും പയറും സൗജന്യം, വലിയ മാതൃക

തിരൂര്‍: ‘വിശപ്പ് രഹിത കാമ്പസ്’ ആയി തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളേജ്. ആരും വിശന്നിരുന്നു പഠിക്കേണ്ടെന്ന ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. എല്ലാവര്‍ക്കും വയറുനിറയെ കഞ്ഞിയും പയറും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

ഇന്നു മുതല്‍ ഇവിടുത്തെ കാന്റീനില്‍ കഞ്ഞിയും പയറും സൗജന്യമായി നല്‍കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് സൗജന്യമായി ഭക്ഷണം നല്‍കുന്നത്. വിശപ്പുരഹിത കാമ്പസിന് സംഭാവന നല്‍കാനായി ഒരു പെട്ടിയും കാന്റീനില്‍ ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരാല്‍ കഴിയുന്ന സംഭാവനയിടാം. 600 വിദ്യാര്‍ഥികളും 40 അധ്യാപകരും അധ്യാപകതേര ജീവനക്കാരുമാണ് ഇവിടെയുള്ളത്.

ഇതിനു പുറമെ, മിതമായ നിരക്കില്‍ ചിക്കനോ ബീഫോ മീനോ കൂട്ടി വിശാലമായി ഊണോ ബിരിയാണിയോ കഴിക്കണമെങ്കില്‍ അതുമാവാം. അധ്യാപകരും വിദ്യാര്‍ഥികളും പി.ടി.എ.യും ചേര്‍ന്നാണ് കാന്റീനിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. അജിത്ത് ചെയര്‍മാനും അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.ടി. ജാബിര്‍ കണ്‍വീനറായുയാണ് കാന്റീന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും ഓരോ വകുപ്പുകളക്കാണ് ക്യാന്റീനിന്റെ ചുമതല നല്‍കുന്നത്. കോളേജ് ഇപ്പോള്‍ കേരളത്തിനാകെ വലിയ മാതൃകയാവുകയാണ്.

Exit mobile version