കാമുകിയെ 10വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം; വനിത കമ്മിഷന്‍ കേസെടുത്തു, റഹ്‌മാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: പാലക്കാട് നെന്മാറയില്‍ യുവതിയെ കാമുകന്‍ 10വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സജിതയെ പത്തു വര്‍ഷമായി മുറിയില്‍ അടച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിത കമ്മിഷന്‍ അറിയിച്ചു.

പെണ്‍കുട്ടി അനുഭവിച്ച മനുഷ്യാവകാശലംഘനം കണക്കിലെടുത്താണ് കേസെടുത്തതെന്നും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നെന്മാറ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷന്‍ അംഗം ഷിജി ശിവജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

സജിത എന്ന യുവതിയെ കാമുകന്‍ റഹ്‌മാനാണ് 10വര്‍ഷത്തോളം തന്റെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടത്. സജിത അയല്‍വാസിയായ റഹ്‌മാനോടൊപ്പം ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണ്. ആര്‍ത്തവകാലത്തുള്‍പ്പെടെ പ്രാഥമികാവശ്യങ്ങള്‍ യഥാസമയം നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയാക്കിയത് കടുത്ത മനുഷ്യാവകാശലംഘനവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട ഈ സ്ത്രീയുടെ ഗതികേടിനെ കാമുകി, കാമുകന്‍, പ്രണയം എന്നീ പദങ്ങളിലൂടെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മിഷന്‍ വിലയിരുത്തി.

അതേസമയം, റഹ്‌മാന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് മാതാപിതാക്കള്‍ പറയുന്നു. സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചതെന്നു പറയുന്ന ജനലിന്റെ അഴികള്‍ അടുത്തകാലം വരെയുണ്ടായിരുന്നതായും ചിതലരിച്ചു പോയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

സജിതയെ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടില്ലെന്നും മകന്‍ ഇഷ്ടം അറിയിച്ചിരുന്നുവെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും റഹ്‌മാന്റെ മാതാപിതാക്കളായ മുഹമ്മദ് കനിയും ആത്തിക്കയും കൂട്ടിച്ചേര്‍ത്തു.

Exit mobile version