കുടുംബത്തിന്റെ കണ്ണീര്‍ തുടച്ച് എംഎ യൂസഫലി; വധശിക്ഷയില്‍ നിന്ന് കരകയറിയ ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു, കാത്തിരിപ്പിന് വിരാമം

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് കിടന്ന തൃശ്ശൂര്‍ സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തി. ഇതോടെ കുടുംബത്തിന്റെ നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് അവസാനമായത്. നാളുകള്‍ നീണ്ട കുടുംബത്തിന്റെ കണ്ണീര്‍ തുടച്ചതാകട്ടെ, ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലിയും.

ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. മകന്‍ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തില്‍ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു. എംഎ യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലമാണ് തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന്‍ ജയില്‍ മോചിതനായത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (blood money) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.

2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സ് ഓടിച്ചിരുന്ന വാഹനം ഇടിച്ച് ബാലന്‍ മരണപ്പെട്ടത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെയായിരുന്നു അപകടം. സുഡാന്‍ പൗരനായ കുട്ടിയാണ് മരിച്ചത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷയും വിധിക്കുകയായിരുന്നു. യു.എ.ഇ. സുപ്രീം കോടതി 2013-ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെയ്ക്കുകയും ചെയ്തിരുന്നു.

Exit mobile version