അമ്മയും അച്ഛനും അസുഖ ബാധിതര്‍, കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ജീവിതം; എങ്കിലും എയ്ഞ്ചല്‍ പൊതിച്ചോറിനുള്ളില്‍ ഒളിപ്പിച്ചുനല്‍കി സ്‌നേഹത്തിന്റെ നോട്ടുകള്‍

മലയാറ്റൂര്‍: കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ജീവിതമാണ് ഓട്ടയ്ക്കമ്യാലില്‍ ഷൈന്‍ ജോര്‍ജിന്റെയും കുടുംബത്തിന്റെയും. എന്നാല്‍ ഇല്ലായ്മകളേറെയാണെന്ന് അറിയാമെങ്കിലും ഉള്ളതുകൊണ്ട് മറ്റുള്ളവരെ കൂടെ സഹായിക്കണമെന്ന ഒരു മനസ്സാണ് ഷൈനിനിന്റെ മകള്‍ എയ്ഞ്ചലിനുള്ളത്.

കുടുംബം പട്ടിണിയിലാണെങ്കിലും അവള്‍ കൈയ്യിലുണ്ടായിരുന്ന ആകെയുള്ള നോട്ടുകള്‍ പാവങ്ങള്‍ക്കായി നല്‍കിയ പൊതിച്ചോറിനുള്ളില്‍ ഒളിപ്പിച്ച് വെച്ചത് അതുകൊണ്ടായിരുന്നു. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റിലെ അംഗമാണ് എയ്ഞ്ചല്‍.

കഴിഞ്ഞ ദിവസം കാലടിയില്‍ യാത്രക്കാര്‍ക്കു സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് നല്‍കിയ പൊതിച്ചോറില്‍ അധ്യാപകര്‍ അറിയാതെ വിദ്യാര്‍ഥികള്‍ നോട്ടുകള്‍ വച്ചത് ചര്‍ച്ചയായിരുന്നു. പല ഭാഗത്തു നിന്നു കെഡറ്റുകള്‍ക്ക് അഭിനന്ദനം കിട്ടി. നോട്ടുകള്‍ വച്ച കൂട്ടത്തില്‍ എയ്ഞ്ചലുമുണ്ടായിരുന്നു.

ഇല്ലായ്മയില്‍ നിന്നാണ് എയ്ഞ്ചല്‍ അതു നല്‍കിയത്. കോവിഡ് കാലത്ത് പലരും ബുദ്ധിമുട്ടിലാണെന്നും സ്വന്തം ജീവിത ദുഃഖം അറിയാവുന്നതു കൊണ്ടാണ് ഇതു നല്‍കിയതെന്നും എയ്ഞ്ചല്‍ പറഞ്ഞു. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ ഉഴലുകയാണു എയ്ഞ്ചലിന്റെ കുടുംബം.

സ്വന്തമായി വീടില്ല ഈ അഞ്ചംഗ കുടുംബത്തിന്. ഓട്ടയ്ക്കമ്യാലില്‍ ഷൈന്‍ ജോര്‍ജും കുടുംബവും മലയാറ്റൂര്‍ കാടപ്പാറയില്‍ പരാധീനതകളുടെ നേര്‍ക്കാഴ്ചയായ വാടകവീട്ടിലാണ് കഴിയുന്നത്. ഷൈന് 5 മാസം മുന്‍പ് ഹൃദ്രോഗം വന്നതിനെ തുടര്‍ന്നു 2 സ്റ്റെന്‍ഡ് ഇട്ടിരിക്കുകയാണ്.

ഭാര്യ ഷിജിയും 4 വര്‍ഷത്തോളമായി അസുഖ കിടക്കയിലാണ്. നട്ടെല്ലിന്റെ ഡിസ്‌ക് തെന്നി മാറി. കൂടാതെ കഴുത്തിന്റെ കുഴ തെറ്റി. അതിനാല്‍ തലകറക്കമുണ്ട്. റബര്‍ ടാപ്പിങ് തൊഴിലാളിയായ ഷൈന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഇരുവര്‍ക്കും ജോലിക്കു പോകാന്‍ കഴിയുന്നില്ല.

ഇരുവരുടെയും ചികിത്സയ്ക്കു മാസം 8,000 രൂപയോളം വേണം. വീട്ടുവാടക വേറെ. മക്കളായ എയ്ഞ്ചല്‍ പത്തിലും അന്ന ഒന്‍പതിലും അലോഷ്യസ് അഞ്ചിനും മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നു. സുമനസ്സുകളുടെയും സ്‌കൂളിന്റെയും സഹായത്തോടെയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്.

12 വര്‍ഷം മുന്‍പാണ് ഷൈന്‍ സ്വന്തം നാടായ കോട്ടയത്തു നിന്നു മലയാറ്റൂരില്‍ വന്നു താമസമാക്കിയത്. അന്നു മുതല്‍ വാടകവീട്ടിലാണ്. ചെങ്ങല്‍ മഠം ഇവര്‍ക്കു 3 സെന്റ് സ്ഥലം നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട് നിര്‍മിക്കാന്‍ നിര്‍വാഹമില്ല.

Exit mobile version