കേന്ദ്രമന്ത്രിയാകാന്‍ ഇ ശ്രീധരന്‍..? പേര് പരിഗണിക്കുന്നു, വൈകാതെ അന്തിമ തീരുമാനം

E Sreedharan | Bignewslive

പാലക്കാട്: മെട്രോമാന്‍ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഇ ശ്രീധരന്റെയും പേര് പരിഗണിക്കുന്നത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം.

ഇതിലേക്കാണ് സുശീല്‍ കുമാര്‍ മോദിയുടേയും ഇ. ശ്രീധരന്റേയും ഉള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. നിയസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ശ്രീധരനെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയം കൈവരിക്കുകയായിരുന്നു.

Exit mobile version