വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികഞ്ഞില്ല, നാടിനെ രക്ഷിക്കാന്‍ എല്ലാം മറന്ന് ഇറങ്ങി തിരിച്ച ചെറുപ്പക്കാരനാ, ഒടുവില്‍ എല്ലാവരെയും തനിച്ചാക്കി അവന്‍ പോയി; എല്‍സ്റ്റണിന്റെ വേര്‍പാടില്‍ വേദനയോടെ ഒരുനാട്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എല്‍സ്റ്റണ്‍ എബ്രഹാമിന്റെ വിയോഗം ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുന്‍പേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ എല്‍സ്റ്റണ്‍ കുഴഞ്ഞുവീണാണ് മരിച്ചത്.

ഡിവൈഎഫ്ഐ മാറാടി മേഖല ജോയിന്‍ സെക്രട്ടറിയാണ് ഈ ഇരുപത്തിയേഴുകാരന്‍. ഡിവൈഎഫ്ഐയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുക മാത്രമല്ല, ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിലും മുന്നിലായിരുന്നു എല്‍സ്റ്റണ്‍.

ജൂണ്‍ ഒന്നിന് എല്‍സ്റ്റണ്‍ കോവിഡ് വാക്സിനെടുക്കുകയും ചെയ്തിരുന്നു. ജൂണ്‍ രണ്ടിന് വൈകുന്നേരമാണ് എല്‍സ്റ്റണ്‍ വീട്ടില്‍ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എല്‍സ്റ്റണിന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്. കൂത്താട്ടുകുളം മുവാറ്റുപുഴ എംസി റോഡില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐ മാറാടി കോവിഡ് കണ്ട്രോള്‍ റൂം എല്‍സ്റ്റണും മറ്റ് ഡിവൈഎഫ് പ്രവര്‍ത്തകരും ചേര്‍ന്നാണ് തുടങ്ങിയത്.

രാത്രിയില്‍ ഹോസ്പിറ്റലില്‍ പോകുന്നതിന് വാഹന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്തരമൊരു പദ്ധതി. അച്ഛന്‍. ടി വി അവിരാച്ചന്‍ (മാറാടി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം സി പി ഐ എം മാറാടി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം, സൗത്ത് മാറാടി ബ്രാഞ്ച് അംഗം). അമ്മ: ചിന്നമ്മ. ഭാര്യ:ലിന്റാ സഹോദരി: ക്രിസ്റ്റിന.

എല്‍സ്റ്റണിന്റെ മരണത്തില്‍ അഡ്വക്കറ്റ് ജോയ്സ് ജോര്‍ജ് പങ്കുവച്ച കുറിപ്പ് വായിക്കാം;

ഒരു നാടിനെ ഒന്നാകെ വേദനിപ്പിക്കുന്ന വേര്‍പാട്..

കോവിഡ് എന്ന മഹാ ദുരിതത്തില്‍ വിറള പൂണ്ട് നിന്ന് നാടിനെ രക്ഷിക്കാന്‍ കൂറെ ചെറുപ്പക്കാര്‍ എല്ലാം മറന്ന് വെച്ച് ഇറങ്ങി തിരിച്ചപ്പോള്‍ അതില്‍ വിവാഹം കഴിഞ്ഞ് ഒരു മാസം പൊലും തികയാത്ത ഒരു 27 വയസകാരനുണ്ടായിരുന്നു. സ്വാര്‍ത്ഥയുടെ കണിക പൊലും തീണ്ടാത്ത സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന നമ്മുടെ എല്‍സ്റ്റന്‍.

എല്ലാവരെയും സുഹൃത്തുക്കളായി കണ്ട് നാളെയുടെ നല്ല കാലത്തെ സ്വപ്നം കണ്ട ചെറുപ്പകാരന്‍ . വേണമെങ്കില്‍ ഒഴിവുകേടുകള്‍ പറയാമായിരുന്നു , പിന്നോട്ട് മാറി നില്‍ക്കിമായിരുന്നു. പക്ഷെ ഈ നാടിന് വേണ്ടി നമുക്ക് ഒരോത്തര്‍ക്കും വേണ്ടി എല്‍സ്റ്റന്‍ മുന്നോട്ട് ഇറങ്ങി. കോവിഡ് രോഗികളുടെ പരിചരണത്തിന് , ആശുപത്രികളില്‍ കൊണ്ടുപോകുന്നതിന് , മരുന്ന് വാങ്ങുന്നതിന് , മരണപ്പെട്ട രോഗികളുടെ സംസ്‌കാരത്തിന് അങ്ങനെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില് നിന്ന ചെറുപ്പകാരന്‍.

Dyfi മാറാടി കോവിഡ് കണ്‍ട്രോള്‍ റൂമിലെ നിറസാന്നിധ്യമായിരുന്ന എന്‍സ്റ്റന്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും അവേശമായിരുന്നു. എന്‍സറ്റന്റെ വാക്കുകളില്‍പ്രകാശമായിരുന്നു ,എപ്പോളും ഈ നാടിന്റെ നന്മയെ കുറിച്ച് ചിന്തിച്ച് ആ പ്രകാശം മറ്റുള്ളവരിലേക്ക് പകര്‍ന്ന് പ്രവര്‍ത്തിച്ച സഖാവ്. ഒടുവില്‍ ആ സ്‌നേഹ വാക്കുകളും ആയ്യിരം ആയ്യിരം നന്‍മകളും ഓര്‍ത്തു വയ്ക്കാന്‍ നമുക്ക് നല്‍കി. നമ്മെ വിട്ട് പിരിഞ്ഞ സഖാവ് എല്‍സ്റ്റണ്‍ എബ്രഹാമിന് ഒരു നാടിന്റെയാകെ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍…

Exit mobile version