സികെ ജാനുവിനോട് സംസാരിച്ചിട്ടില്ല, ഒരു രൂപ പോലും കൊടുത്തിട്ടില്ല; ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല, പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല; ഒന്നും വ്യക്തമാക്കാതെ കെ സുരേന്ദ്രൻ

bjp-and-surendran

കോഴിക്കോട്: എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സികെ ജാനുവിന് പണം നൽകിയിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സുൽത്താൻ ബത്തേരിയിലെ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന സികെ ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്നും സികെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സികെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സികെ ജാനുവിന് ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സികെ ജാനു മത്സരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

തെരഞ്ഞെടുപ്പിൽ അവർ ഞങ്ങളുടെ സ്ഥാനാർഥിയായിരുന്നു. സികെ ജാനു ഞങ്ങളെ ആരെയും പണം ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവൻ ഓർത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന് ആവശ്യമുള്ളകാര്യങ്ങൾ ഒഴിവാക്കാനാകും. എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയാണ്. അവരെയാണ് ആക്ഷേപിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂ- എന്നും സുരേന്ദ്രൻ പ്രതികരിച്ചു.

‘സികെ ജാനുവിന് എന്നെയോ എന്നെക്കാൾ മുകളിലുള്ള നേതാവിനെയൊ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ ജാനുവിന് പണം ആവശ്യമാണെങ്കിൽ, ബിജെപി നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ല. സികെ ജാനുവിന് എന്നെ എപ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങൾ തമ്മിലുണ്ട്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണ്. പ്രസീത വിളിച്ചപ്പോൾ അനുഭാവപൂർമായി കാര്യങ്ങൾ കേട്ടു. സംഘടനാ സ്ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള പലരും വിളിക്കും. ബിജെപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറിയതെല്ലാം ഡിജിറ്റൽ ട്രാൻസാക്ഷൻ മുഖേന വ്യവസ്ഥാപിത മാർഗത്തിലാണ്. ശബ്ദരേഖ മാത്രം കേട്ടുകൊണ്ട് കാര്യങ്ങൾ വിലയിരുത്താനാണ് നീക്കമെങ്കിൽ തനിക്ക് ഒന്നും പറയാനില്ല’- സുരേന്ദ്രൻ പറയുന്നു.

Exit mobile version