സപ്ലൈകോ, ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക്! ഇനി മീന്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ സപ്ലൈകോയില്‍ ലഭ്യമാകും

മീനും ഇറച്ചിയും മുതല്‍ ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ വരെ ഇനി സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകും.

ആലപ്പുഴ: ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ ഉയര്‍ത്താന്‍ തീരുമാനം. സപ്ലൈകോ വീട്ടിലേക്കുവേണ്ട എല്ലാസാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളുകളാക്കാനാണ് പുതിയ നീക്കം. മീനും ഇറച്ചിയും മുതല്‍ ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ വരെ ഇനി സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകും.

സംസ്ഥാനത്ത് നിലവിലുള്ള ഒമ്പത് വില്‍പ്പന കേന്ദ്രങ്ങളില്‍ പുതുവര്‍ഷത്തോടെ ഗൃഹോപകരണങ്ങളുടെ വില്‍പ്പന തുടങ്ങും. ആദ്യഘട്ടത്തില്‍ മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍, തേപ്പുപെട്ടി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും പാത്രങ്ങളുമായിരിക്കും വില്‍ക്കുക. പിന്നീട്, ടിവി, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍ തുടങ്ങിയ ഉപകരണങ്ങളും ലഭിക്കും. പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലായിരിക്കും വില്‍പ്പന.

വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ ഗൃഹോപകരണങ്ങള്‍ കൂടി വാങ്ങാവുന്ന തരത്തിലാണ് ഷോറൂമുകള്‍ ഒരുക്കുക. നിലവിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഇതിനായി പ്രത്യേകസ്ഥലം കണ്ടെത്തും. ഗൃഹോപകരണ വില്‍പ്പനയ്ക്കായി നിലവില്‍ മൂന്നു കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്.

വരുംനാളുകളില്‍ കൂടുതല്‍ കമ്പനികളെ സഹകരിപ്പിക്കാനാണ് നീക്കം. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ക്രിസ്മസ് ഫെയറിനൊപ്പം ഗൃഹോകരണങ്ങളുടെ വില്‍പ്പന ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഗൃഹോപകരണങ്ങളുടെ വില്‍പ്പന ആരംഭിക്കുന്നത്.

നിലവിലുള്ള സൂപ്പമാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളുടെ നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതല്‍ വില്‍പ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഗൃഹോകരണങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് വേണമെന്നില്ല. പാല്‍, മീന്‍, ഇറച്ചി എന്നിവയുടെ വില്‍പ്പനയുമുണ്ടാകും. മില്‍മ, മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണിത്. നിലവിലുള്ള ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് ഇവര്‍ക്ക് പ്രത്യേകം സ്ഥലമൊരുക്കും. സപ്ലൈകോയുടെ ഫ്രാഞ്ചൈസികളായിട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

Exit mobile version