ഓക്‌സിജന്‍ ടാങ്കറിന് എയര്‍ ലീക്ക്; നട്ടപ്പാതിരയ്ക്ക് ഉറക്കം കളഞ്ഞ് പണി, കൂലി നീട്ടിയപ്പോള്‍ പ്രാണവായുവല്ലേ സാറേ പണിക്കാശ് വേണ്ടെന്ന് അഖിലിന്റെ മറുപടി

MVD Kerala | Bignewslive

തൃശ്ശൂര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ ലോകം ഒന്നടങ്കം പോരാടുകയാണ് കൊവിഡ് മൂര്‍ധന്യാവസ്ഥ പിന്നിടുന്ന കേരളത്തിലും പോരാട്ടം രാപകലില്ലാതെ തുടരുകയാണ്. ഈ നാളുകളില്‍ നന്മ പ്രവര്‍ത്തികളും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. അത്തരത്തിലൊന്നാണ് ഇവിടെയും നിറയുന്നത്.

നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്‌സിജന്‍ ടാങ്കറിന് വന്ന ലീക്ക് നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്ന് പറഞ്ഞ അഖില്‍ എന്ന യുവാവ് ആണ് മനസിനെ കുളിര്‍പ്പിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പ് അധികൃതരാണ് അഖില്‍ എന്ന യുവാവിനെയും ആ നന്മ മനസിനെയും പുറംലോകത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

അര്‍ധരാത്രിയിലും പണിയെടുത്തതിന്റെ കൂലി വാങ്ങാന്‍ അഖില്‍ കൂട്ടാക്കിയില്ല, പ്രാണവായുവല്ലേ സാറേ പണിക്കാശ് വേണ്ടെന്നായിരുന്നു അഖിലിന്റെ മറുപടി. ഏറെ നിര്‍ബന്ധിച്ചിട്ടും കാശ് വാങ്ങാന്‍ അഖില്‍ തയ്യാറായിരുന്നില്ല. ഈ നന്മ നിറഞ്ഞ മനസിനെയും സംഭവവുമാണ് അധികൃതര്‍ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

തൃശ്ശൂർ പാലക്കാട്ട് അതിർത്തിയായ വാണിയമ്പാറയിൽ തൃശൂർ എൻഫോഴ് മെൻൻ്റ് AMVIമാരായ പ്രവീൺ P P, സനീഷ്TP, ഡ്രൈവർ അനീഷ് MA എന്നിവർ ഒക്സിജൻ കയറ്റി വന്ന TN 88B 6702 ടാങ്കർ പൈലറ്റ് ചെയ്ത് വരവെ ഏകദേശം രാത്രി 12.30 ആയപ്പോൾ നടത്തറയിൽ വച്ച് എയർ ലീക്ക് ശ്രദ്ധയിൽ പെട്ടു .വാഹനം നിർത്തി പരിശോധിച്ചതിൽ പിൻവശത്തെ ഇടതുഭാഗത്തെ ബ്രേക്ക് ആക്ടിവേറ്റ് ചെയ്യുന്ന ബൂസ്റ്ററിൽ നിന്നാണെന്ന് സ്ഥിതീകരിച്ചു. വെളിച്ച കുറവ് മൂലം വാഹനം എമർജൻസി ലൈറ്റ് ഇട്ടു കൊണ്ട് ശ്രദ്ധയോടെ പാലിയേക്കര ടോൾ പ്ലാസക്കടുത്തുള്ള റോഡ് സൈഡിൽ ഒതുക്കി നിർത്തി. ഇതിനിടയിൽ പ്രവീണും, സനീഷും ,MVl ബിജോയ് പീറ്ററും , AMVI സജീവ് എന്നിവരും പല നമ്പറിലും ടി വി എസ് സർവീസ് സെൻ്ററുകളിലേ പലരെയും മറ്റു പല യും വിളിച്ച് നോക്കിയെങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്യുകയുണ്ടായില്ല. തുടർന്ന് KSRTC അങ്കമാലി ആലുവ റീജെണൽ വർക്ക് ഷോപ്പ് എന്നിവിടങ്ങളിൽ ആളും പാർട്ട്സും കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും പെട്ടന്ന് കൺഫോം ചെയ്ത് കിട്ടിയില്ല. തുടർന്ന് സ്ഥലത്തെ പറ്റി നല്ല ധാരണയുള്ളതിനാൽ അവർ തൊട്ടടുത്തുള്ള പയനിയർ ഓട്ടോ ഗ്യാരേജിൽ രാത്രി ആരെങ്കിലും ഉണ്ടാകും എന്ന് കരുതി ചെന്ന് നോക്കിയെങ്കിലും വർക്ക്ഷോപ്പിൽ ആളുണ്ടായിരുന്നില്ല . വർക്ക്ഷോപ്പ് നടത്തുന്ന അനൂപിൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് വാഹനവുമായി ഉദ്യോഗസ്ഥർ പോകുകയും അനൂപിനേയും അഖിലിനെയും വിളിച്ചെഴുന്നേൽപ്പിച്ച് കാര്യം പറയുകയും ചെയ്തു. കേൾക്കേണ്ട താമസം അഖിൽ ടൂൾകിറ്റുമായി റഡി. ഡിപ്പാർട്ട്മെന്റ് വണ്ടിയിൽ പോകാം എന്ന് പറഞ്ഞപ്പോൾ കോവിഡ് ഒക്കെയല്ലെ വർക്ക്ഷോപ്പിൽ പല ആളുകൾ വരുന്നതല്ലെ എന്ന് പറഞ്ഞ് സ്വന്തം ടൂവീലറിൽ അനുജൻ അനൂപിനെയും കൂട്ടി ഉദ്യോഗസ്ഥർക്കൊപ്പം പാലിയേക്കരയിലേക്ക് തിരിച്ചു. സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കിയത് കൊണ്ട് പെട്ടന്നു തന്നെ വണ്ടിയുടെ അടിയിലേക്ക് അഖിൽ ലൈറ്റുമായി കയറിപ്പോയി. ലീക്ക് ചെക്ക് ചെയ്ത് കംപ്ലയിൻ്റ് കണ്ടെത്തി.സമയം ക്രിട്ടിക്കൽ ആയതിനാൽ പിന്നിൽ മൾട്ടി ആക്സിൽ കോമ്പിനേഷനിലെ ഇടതുവശത്തെ ഒരു സെറ്റിലേക്ക് മാത്രമുള്ള എയർ പൈപ്പ് ബ്ലോക്ക് ചെയ്ത് തത്ക്കാലം ലീക്ക് നിർത്തി വണ്ടി ധൈര്യമായി കൊണ്ടു പോയ്ക്കോളാൻ ഡ്രൈവറെ അറിയിച്ചു. അര മണിക്കൂറിനുള്ളിൽ കാര്യം കഴിഞ്ഞു. കൂലിയുടെ കാര്യം ആരാഞ്ഞപ്പോൾ “സാറെ കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ വണ്ടിയല്ലെ എൻ്റെ പണിക്കാശ് വേണ്ട ഞാൻ MVD ക്ക് ഒപ്പം”. ഉദ്യോഗസ്ഥർ വളരെ നിർബന്ധിച്ചെങ്കിലും അഖിൽ ഉറച്ചുതന്നെയായിരുന്നു. “‘സർ ഇനി സമയം കളയേണ്ട വേഗം വിട്ടോളു'”എന്നായി അഖിൽ..

അഖിൽ , അനൂപ് ഒപ്പം സമാന സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്ന ആയിരക്കണക്കിന് അജ്ഞാത സുഹൃത്തുക്കൾ …. നിങ്ങൾക്ക് ഞങ്ങളുടേയും ഈ ഓക്സിജൻ കാത്തിരുന്ന നൂറുകണക്കിന് രോഗികളുൾപ്പെടെ എല്ലാ കേരളീയരുടെ വക ഹൃദയം നിറഞ്ഞ നന്ദി…..

Exit mobile version