വ്യാജ ഡോക്ടര്‍ സീമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രസവത്തിനിടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശ്രീദേവിയുടെ കുടുംബം; നരഹത്യയ്ക്ക് കേസ് കൊടുക്കും

കരുനാഗപ്പള്ളി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത് വന്ന ഡോക്ടര്‍ സീമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രസവത്തോടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശ്രീദേവിയുടെ ബന്ധുക്കള്‍. കുഞ്ഞു മരിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും കുഞ്ഞിന്റെ പിതാവ് സാബുവിന്റെ സഹോദരന്‍ സാജു പ്രതികരിച്ചു.

ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലിക്കു പ്രവേശിച്ചത് എന്നു വ്യക്തമായി. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നു വ്യക്തമാകുന്ന പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. പിന്നാലെയാണ് കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നത്. മരണ കാരണം വിശകലനം ചെയ്തുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2019 നവംബറിലാണ് പടിഞ്ഞാറെകല്ലട വലിയപാടം ടി. സാബുവിന്റെ ഭാര്യയുടെ ഗര്‍ഭസ്ഥശിശു പ്രസവത്തോട് അനുബന്ധിച്ച് മരിക്കുന്നത്. തലേ ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീദേവിയുടെ പ്രസവം എടുക്കാന്‍ 4000 രൂപ കൈക്കൂലി ഇവര്‍ ചോദിച്ചിരുന്നതായും വെളിപ്പെടുത്തി.

ശസ്ത്രക്രിയയ്ക്കുശേഷം പണം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇവര്‍ സമയത്ത് ശസ്ത്രക്രിയ നടത്താന്‍ തയാറായില്ലെന്നും സാബു ആരോപിച്ചു. തുടര്‍ന്ന് കുഞ്ഞു മരിച്ച വിവരം അറിഞ്ഞതോടെ പരാതി നല്‍കാന്‍ ഒരുങ്ങുമ്പോഴാണ് പരാതി നല്‍കിയിട്ടു കാര്യമില്ലെന്നും തന്റെ കാര്യം സംഘടന നോക്കിക്കൊള്ളുമെന്നും ഇവര്‍ വെല്ലുവിളിച്ചത്. പിന്നീട് നടത്തിയ അന്വേഷണങ്ങള്‍ക്കും വിവരാവകാശ അപേക്ഷകള്‍ക്കും ഒടുവിലാണ് ഇവര്‍ വ്യാജ ഡോക്ടറാണെന്ന വിവരം പുറത്തു വരുന്നത്. പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ തന്നെ സ്വാധീനിക്കാന്‍ പലര്‍ വഴി ശ്രമിച്ചതായി സാജു പറയുന്നു.

പടിഞ്ഞാറെകല്ലട സ്വദേശി ടി.സാബു നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചത്. സാബുവിന്റെ ഭാര്യ ശ്രീദേവിയെ 2019 നവംബറില്‍ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 11-ാം തിയതി ശ്രീദേവി പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു. പിന്നാലെ ഡോക്ടര്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംസ്‌കരിച്ച മൃതദേഹം പരാതിയെത്തുടര്‍ന്നു പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. സീമ ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സാബു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാണ് ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്ന് തെളിഞ്ഞത്. ഇതോടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

2008ല്‍ ദ്വിവത്സര ഡി.ജി.ഒ കോഴ്‌സിനു ചേര്‍ന്നിരുന്നെന്നും എന്നാല്‍ ഇവര്‍ പഠനം പൂര്‍ത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു സീമ. 2011 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഇവര്‍ ചേര്‍ത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. ഏകദേശം 10 വര്‍ഷക്കാലമാണ് സീമ ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ച് വിലസിയത്.

Exit mobile version