വെള്ളം കയറുന്ന കൂരയിൽ നിന്നും രക്ഷപ്പെടാനായി പണി തുടങ്ങിയ വീടിന് മുകളിൽ നിന്നും വീണ് മകന് പരിക്കേറ്റു; കണ്ണീർക്കയത്തിലായി ഗോപി; കൈത്താങ്ങായി വാട്‌സ്ആപ്പ് കൂട്ടായ്മ

ഏറ്റുമാനൂർ: വെള്ളം കയരുന്ന കുഞ്ഞുകൂരയിൽ നിന്നും സുരക്ഷിതമായി തലചായ്ക്കാൻ ഒരു വീടിനായി കഷ്ടപ്പെട്ട ഗോപിയേയും കുടുംബത്തേയും കാത്തിരുന്നത് വിധിയുടെ ക്രൂരത. മകൻ പരിക്കേറ്റ് കിടപ്പിലാവുകയും ലോക്ക്ഡൗൺ ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്തതോടെ തകർന്നുപോയ ഈ കുടുംബത്തിന് താങ്ങായിരിക്കുകയാണ് വാട്‌സ്ആപ്പ് കൂട്ടായ്മ. പാതിവഴിയിൽ മുടങ്ങിയ വീടുപണി പൂർത്തിയാക്കാൻ ഒറ്റ രാത്രികൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ യുവാക്കൾ പിരിച്ചെടുത്തത് 23,500 രൂപ.

പേരൂർ പായിക്കാട് കടവിനു സമീപം വലിയവീട്ടിൽ ഗോപിക്ക് രോഗവും കുടുംബപ്രാരബ്ധങ്ങളും മൂലം നഗരസഭ ധനസഹായം അനുവദിച്ചിട്ടുപോലും വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

മരപ്പണിക്കാരനായ ഗോപി ഭാര്യയും മകനും കുടുംബവുമായി മീനച്ചിലാറിന്റെ തീരത്തെ കൂരയിലായിരുന്നു താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തിൽ തകർച്ചയുടെ വക്കിലെത്തിയ കൂര പൊളിച്ചുപണിയുന്നതിന് ഏറ്റുമാനൂർ നഗരസഭയിൽനിന്ന് പണം അനുവദിച്ചിരുന്നു. ഇത് വീടുപണിക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. വീട് പണിക്ക് മുമ്പായി താമസിച്ചിരുന്ന കൂര പൊളിച്ച് പണിയുന്നതിനായി താമസം ഇവർ വാടകവീട്ടിലേക്ക് മാറ്റി. പണി പുരോഗമിക്കവെ വാർക്കയുടെ മുകളിൽനിന്ന് വീണ് മകന്റെ നട്ടെല്ല് ഒടിഞ്ഞു. വീട് പണിക്ക് നീക്കിവെച്ച പണം മുഴുവൻ മകന്റെ ചികിത്സക്ക് മുടക്കിയതോടെ കുടുംബം വല്ലാത്ത ദുരിതത്തിലായി.

മകന് പണിക്കുപോകാൻ പറ്റാതാവുക.ും ഗോപിയുടെ വരുമാനം നിലയ്ക്കുകയും ചെയ്തതോടെ നിരാശയിലായ കുടുംബം പലരോടും സഹായമഭ്യർത്ഥിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞദിവസം ഒരു സുഹൃത്തിന്റെ പ്രേരണയാൽ തന്റെ പ്രശ്‌നങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് വഴിത്തിരിവായത്.

നാട്ടുകാരന്റെ കഷ്ടതകൾ ‘പേരൂർ ഫ്രണ്ട്‌സ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചയായി. 253 പേരുള്ള ഗ്രൂപ്പിൽ ഒരാൾ 100 രൂപ വീതം സംഭാവന ചെയ്താൽ വാർക്ക തീരാനുള്ള തുക ലഭിക്കും എന്നായിരുന്നു കണക്കുകൂട്ടൽ. വെള്ളിയാഴ്ച രാത്രി 11ഓടെ ആദ്യസംഭാവന അക്കൗണ്ടിൽ എത്തി. തുടർന്ന് ബാക്കി അംഗങ്ങളും പണം നൽകിയതോടെ പ്രശ്‌നങ്ങൾ പാതി അവസാനിച്ച ആശ്വാസത്തിലാണ് ഈ കുടുംബം. ഇനി കുടുംബത്തിനുള്ള ചികിത്സസഹായം കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് അംഗങ്ങൾ.

Exit mobile version