ഒറ്റയ്ക്കല്ല, തണലായി സർക്കാരുണ്ട്; രണ്ടാഴ്ചയ്ക്കിടെ കോവിഡ് അച്ഛനേയും അമ്മയേയും കവർന്ന പത്തുവയസുകാരൻ അലനെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി; കുഞ്ഞിന്റെ ഭാവിക്കായി എല്ലാ കരുതലും സ്വീകരിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ഒറ്റയ്ക്കല്ല, തണലായി സർക്കാരുണ്ട്; രണ്ടാഴ്ചയ്ക്കിടെ കോവിഡ് അച്ഛനേയും അമ്മയേയും കവർന്ന പത്തുവയസുകാരൻ അലനെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി

alan-subhash

കാഞ്ഞാണി: കോവിഡ് രണ്ടാഴ്ചയ്ക്കിടെ മാതാപിതാക്കളെ കവർന്നതോടെ തനിച്ചായ മണലൂർ ചുള്ളിപറമ്പിൽ 10 വയസ്സുകാരൻ അലൻ സുഭാഷിനെ ആശ്വസിപ്പിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ എത്തി. അലന്റെ ഭാവി ജീവിതത്തിന് ആവശ്യമായ എല്ലാ കരുതലുകളും സംസ്ഥാന സർക്കാർ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

അലൻരെ അച്ഛൻ ചുള്ളിപറമ്പിൽ സുഭാഷും അമ്മ ജിജിയും കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അലന്റെ സഹോദരൻ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. മാതാപിതാക്കൾ മരിച്ചതോടെ അലൻ തനിച്ചായി.

അലന്റെ വാർത്തയറിഞ്ഞ് മണലൂരിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തി അലനെ മന്ത്രിയും മുരളി പെരുനെല്ലി എംഎൽഎയുമെത്തിയാണ് ആശ്വസിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് മന്ത്രി എത്തിയത്. സിപിഎം മണലൂർ ഏരിയ സെക്രട്ടറി സികെ വിജയൻ, ലോക്കൽ സെക്രട്ടറി പികെ അരവിന്ദൻ, ജില്ല പഞ്ചായത്തംഗം വിഎൻ സുർജിത്ത് തുടങ്ങിയവരും അലന്റെ വീട്ടിൽ എത്തിയിരുന്നു.

സിപിഎം മണലൂർ കിഴക്ക് ബ്രാഞ്ച് അംഗവും കെഎസ്‌കെടിയു മണലൂർ മേഖല കമ്മിറ്റി അംഗവും താൽക്കാലിക സഹകരണ യൂണിയൻ ഏരിയ പ്രസിഡന്റ് എന്ന നിലയിലും വായനശാല പ്രവർത്തകൻ, പുരോഗമന സാഹിത്യ സംഘം, ബാലസംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവ പ്രവർത്തകനായിരുന്നു സുഭാഷ്.

പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. രണ്ടു വർഷം മുമ്പാണ് മണലൂർ സഹകരണ ബാങ്കിന്റെ ശാഖയിൽ സുഭാഷിന് ജോലി ലഭിച്ചത്. സുഭാഷിന്റെ സഹോദരനും അടുത്ത കാലത്താണ് മരിച്ചത്. മണലൂർ സെൻറ് ഇഗ്‌നേഷ്യസ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അലൻ. അലനും കോവിഡ് ബാധിച്ചെങ്കിലും നെഗറ്റിവായി.

Exit mobile version