‘നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത് സമൂഹത്തെ ഭിന്നിപ്പിച്ചല്ല’!; വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കെസിബിസി

തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടതെന്ന് കെസിബിസി ആരോപിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല എന്നും കെസിബിസി കൂട്ടിച്ചേര്‍ത്തു.

നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. രാഷ്ട്രീയലക്ഷ്യം വച്ചുളള വിഭാഗീയ നീക്കം ഒഴിവാക്കണമെന്നും കെസിബിസി വ്യക്തമാക്കി. കെസിബിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് വനിതാ മതിലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.

അതിനിടെ വനിതാ മതിലിനെതിരെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പും സിപിഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം തള്ളി. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതില്‍ തീര്‍ക്കുന്നത്.

Exit mobile version