വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണമെന്ന് സത്യവാങ്മൂലം; വല്യമ്മയെ വിളിച്ച് ആരാഞ്ഞപ്പോള്‍ അവിടെ ചക്കയില്ലെന്ന് മറുപടിയും, മടക്കി അയച്ചു

കാസര്‍കോട്: കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോക്ഡൗണ്‍ പോലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്‍പോട്ട് പോവുകയാണ് സംസ്ഥാനം. ഈ സാഹചര്യത്തില്‍ ജനങ്ങളും ലോക്ഡൗണില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍, കള്ള സത്യവാങ്മൂലം എഴുതി നാട് ചുറ്റാന്‍ ഇറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അത്തരത്തിലൊരു കള്ള സത്യവാങ്മൂലം പിടികൂടിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ‘വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം’ എന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിരുന്നത്. വാഹന പരിശോധനക്കിടയിലാണ് യുവാവിന്റെ സത്യവാങ്മൂലം പോലീസ് പരിശോധിച്ചത്. എന്നാല്‍ വല്യമ്മയെ വിളിച്ചന്വേഷിച്ച പോലീസിന് അവിടെ ചക്കയില്ലെന്നും, ഇയാള്‍ അനാവശ്യമായി പുറത്തിറങ്ങിയതാണെന്നും മനസിലായതോടെ പോലീസ് മടക്കി അയക്കുകയും ചെയ്തു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും, കൊവിഡ് മാനദണ്ഡങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. ലോക്ക്ഡൗണ്‍ ലംഘനത്തിനും മാസ്‌ക് ധരിക്കാത്തതിനും ദിവസേന നിരവധി കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version