99 ശതമാനം മുസ്ലിംജനതയുള്ള ലക്ഷദ്വീപിനോട് പ്രതികാരം ചെയ്ത് മോഡി സർക്കാരും അനുനായി പ്രഫുൽ പട്ടേലും; ഹിന്ദുത്വ അജണ്ടയിൽ ഞെരിഞ്ഞ് ഈ ജനത

ക്രിമിനലുകളില്ലാത്ത ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട്; മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ തീയിട്ട് നശിപ്പിക്കൽ; സീറോ കോവിഡ് കേസിൽ നിന്നും കോവിഡ് മരണത്തിലേക്ക്; പൗരത്വബില്ലിനെതിരായ പോസ്റ്ററിന്റെ പേരിൽ ദ്വീപിനോട് പ്രതികാരം ചെയ്ത് മോഡി സർക്കാരും പ്രഫുൽ പട്ടേലും; കൊടുംക്രൂരത

praful k patel and modi

ലക്ഷദ്വീപിന് വേണ്ടി സംസാരിക്കുകയാണ് ഇപ്പോൾ കരയിലുള്ളവർ. ദ്വീപിനെ ദ്രോഹിക്കുന്ന ഭരണാധികാരിയെ കേന്ദ്ര സർക്കാർ തിരിച്ചുവിളക്കണമെന്നാണ് ആവശ്യം. കേരളത്തിനോട് ചേർന്ന് കടലിൽ കിടക്കുന്ന ഈ കൊച്ചുദ്വീപിനെ മുക്കികൊല്ലാൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കരയിലുള്ളവരും ശബ്ദമുയർത്തുകയാണ്. ഇന്ന് അനീതി അരങ്ങ് വാഴുന്ന ദ്വീപിൽ ശ്വാസം മുട്ടുകയാണ് പതിറ്റാണ്ടുകളായി അതിവസിക്കുന്ന ഒരു ജനത.

പുറത്തുനിന്നുള്ള കൈകടത്തലുകളില്ലാതെ സ്വച്ഛമായി നാളുകൾ കഴിച്ചുകൂട്ടിയിരുന്ന ഈ കൊച്ചുമൺതുരുത്തിനെ തകർക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ഭരണകൂടം. ടൂറിസത്തിന്റെ പേരിൽ പോലും ഇതുവരെ ഒരു ഭരണകർത്താവും നോവിക്കാത്ത മണ്ണായി തുടർന്നിരുന്ന ലക്ഷദ്വീപ് ഇന്ന് തകർച്ചയുടെ വക്കിലാണ്. 99 ശതമാനം വരുന്ന മുസ്ലിം-ന്യൂനപക്ഷ സമുദായക്കാരുള്ള ഈ ഇന്ത്യൻ പ്രദേശത്തെ ഭൂപടത്തിൽ നിന്നുതന്നെ മായ്ച്ചുകളയാൻ ശ്രമിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ.

ചട്ടങ്ങൾ ലംഘിച്ച് ബിജെപി ഭരണകൂടം സ്വന്തക്കാരനായ പ്രഫുൽ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി ദ്വീപിലേക്ക് അയച്ചതുതൊട്ടാണ് ദ്വീപിന്റെ കഷ്ടകാലം തുടങ്ങിയതെന്ന് ദ്വീപ് നിവാസികൾ പറയുന്നു. അനാവശ്യമായി ദ്വീപിലെ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി ജനജീവിതം ഓരോദിനവും ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ് പ്രഫുൽ കെ പട്ടേലും അദ്ദേഹത്തിന്റെ രാഷ്ട്രീയ സിദ്ധാന്തവും.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന സിവിൽ സർവീസ് ഓഫീസർ ദിനേശ്വർ ശർമ്മ ശ്വാസകോശ സംബന്ധമായ രോഗം മൂലം അന്തരിച്ചതോടെയാണ് ദാദ്ര ആന്റ് നാഗർ ഹവേലിയുടെ ചുമതല ഉണ്ടായിരുന്ന പ്രഫുൽ പട്ടേൽ ലക്ഷദ്വീപിന്റെ അധിക ചുമതല ഏറ്റെടുത്ത് ഭരണം കൈയ്യാളാൻ തുടങ്ങിയത്. പ്രധാനമന്ത്രി മോഡിയുടെ അടുത്ത അനുനായിയും ഗുജറാത്തിൽ അമിത്ഷായ്ക്ക് പകരം ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്ത വ്യക്തിയുമാണ് പ്രഫുൽ കെ പട്ടേൽ. സിവ്ൽ സർവീസ് ഓഫീസർമാർ മാത്രമിരുന്ന കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റർ പദവിയിലേക്ക് ഇദ്ദേഹത്തെ ചട്ടങ്ങൾ മറികടന്നുകൊണ്ടാണ് കേന്ദ്രം നിയമിക്കുന്നത്. 2019 ഡിസംബറിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് പകരം ലക്ഷദ്വീപിന്റെ അധിക ചുമതല കൂടെ ബിജെപിയും മോഡിയും ചേർന്ന് അനുനായിയായ പ്രഫുൽ പട്ടേലിന് നൽകുകയായിരുന്നു.

2019ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതൽ ഒരു വർഷക്കാലം കോവിഡിനെ പടിക്കുപുറത്തു നിർത്തി രാജ്യത്തിന് തന്നെ മാതൃക കാണിച്ച പ്രദേശമായിരുന്നു ദ്വീപ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചും ദ്വീപിലേക്ക് എത്തുന്നവരെ കൃത്യമായി ക്വാറന്റീൻ ചെയ്തുമാണ് ദ്വീപ് കോവിഡിനെതിരെ പോരാടിയത്. ഒരാൾക്കുപോലും കോവിഡ് ബാധിക്കാതെ കാത്ത ഈ ദ്വീപിൽ ഇന്ന് കോവിഡ് മരണങ്ങൾ പോലും സർവ്വസാധാരണായിരിക്കുകയാണ്. 5000ത്തിനടുത്താണ് കോവിഡ് രോഗികൾ. പ്രഫുൽ പട്ടേലിന്റെ തലതിരിഞ്ഞ ‘പരിഷ്‌കാരങ്ങൾക്ക്’ ഒരു ഉദാഹരണം മാത്രമാണിത്.

പ്രഫുൽ പട്ടേൽ അധികാരിയായി ദ്വീപിൽ എത്തുന്നതുവരെ ഒരു കോവിഡ് കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ക്വാറന്റീൻ പോലും പാലിക്കാതെ ദ്വീപിലെത്തിയ പ്രഫുൽ പട്ടേലും പരിവാരങ്ങളും ദ്വീപുകളിലെ സ്‌കൂളുകളിലടക്കം കറങ്ങി നടന്നും യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ ഉദ്ഘാടനങ്ങൾ നടത്തിയും കോവിഡിനെ തുറന്നുവിട്ടു.

ഇതൊരു തുടക്കം മാത്രമായിരുന്നു. ദ്വീപ് തലസ്ഥാനമായ കവരത്തിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് തുടർന്നങ്ങോട്ട് പ്രതികാരങ്ങളുടെ പെരുമഴക്കാലത്തിന് ആണിക്കല്ലായത്. ഇന്ത്യയിലൊട്ടാകെ സജീവമായിരുന്ന പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഒരു ചെറിയ അല ദ്വീപിലുമെത്തിയിരുന്നു. ദ്വീപിലെ കുറച്ചു യുവാക്കൾ എൻആർസിക്കും സിഎഎയ്ക്കുമെതിരെ പ്രതിഷേധം നടത്തുകയും മോഡി ഭരണകൂടത്തിനെതിരായി ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം കെട്ടടങ്ങി നാളുകൾ കഴിഞ്ഞ് കവരത്തിയിലെത്തിയ പ്രഫുൽ പട്ടേലാകട്ടെ ഈ ബോർഡ് കണ്ടതോടെ ദ്വീപ് നിവാസികൾക്കെതിരെ ആദ്യത്തെ പ്രതികാര നടപടിയുമായി കളത്തിലിറങ്ങി. ബിജെപി ഭക്തനായ ഇദ്ദേഹം ബോർഡ് സ്ഥാപിച്ചവർക്ക് എതിരെ കേസെടുക്കാൻ ഉത്തരവിട്ടു. കുറ്റകൃത്യ നിരക്ക് പൂജ്യമായ ജയിലുകൾ ഒഴിഞ്ഞുകിടക്കുന്ന ഈ നാട്ടിൽ അതൊരു മോശമായ മാറ്റത്തിന്റെ മറ്റൊരു തുടക്കമായിരുന്നു.

പോലീസ് കേസെടുക്കാനെത്തിയതോടെ ജനങ്ങൾക്ക് വേണ്ടി കുറ്റമേറ്റെടുത്ത് ലക്ഷദ്വീപിലെ ഡിസിസി പ്രസിഡന്റ് എംഎ ആറ്റയും സിപിഎം പ്രവർത്തകരും രംഗത്തെത്തി. ഇത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വൈര്യമാണെന്ന് വരുത്തി തീർക്കാൻ കിണഞ്ഞ പ്രഫുൽ പട്ടേൽ, സാമുദായിക ധ്രുവീകരണത്തിനുള്ള വിത്തുപാകാനും ഇതിലൂടെ ചെറിയ ശ്രമം നടത്തി. നിയമം കൂടെ നിന്നതിനാൽ ആറ്റയടക്കമുള്ളവർ പിന്നീട് ജാമ്യമെടുക്കുകയും ചെയ്തു. എന്നാൽ പിന്മാറാൻ തയ്യാറല്ലാത്ത പ്രഫുൽ പട്ടേൽ ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ തീർന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു പ്രഫുൽ പട്ടേലിന്റെ കാര്യമായ ഇടപെടലുണ്ടായത് രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹം കൊണ്ടുവന്ന ഒരു നിബന്ധന. ഇന്ത്യയിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ഈ നിബന്ധനയ്ക്ക് മുന്നിൽ കീഴടങ്ങി നിരവധി ജനപ്രതിനിധികൾക്ക് അവസരം നഷ്ടമായി. ദ്വീപിലെ രാഷ്ട്രീയത്തേയും മുൻനിര രാഷ്ട്രീയപ്രവർത്തകരേയും പിന്നോട്ടടിക്കുകയാണ് ഇതിലൂടെ പ്രഫുൽ ലക്ഷ്യമിട്ടതെന്ന് ദ്വീപ് നിവാസിയും ദ്വീപിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഓഫീസ് സെക്രട്ടറിയുമായ സാബിത്ത് ബിഗ് ന്യൂസിനോട് പറഞ്ഞു.

ഒരു കുറ്റകൃത്യവും നടക്കാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കി ദ്വീപിലുള്ളവരെ മുഴുവൻ മോശക്കാരായും കുറ്റവാളികളായും ചിത്രീകരിക്കുകയായിരുന്നു പ്രഫുൽപട്ടേലിന്റെ അടുത്തപണി. ജനങ്ങൾക്കെതിരായ നിരവധി ബില്ലുകൾ തുടർന്നു വന്നുകൊണ്ടിരുന്നു. ലക്ഷദ്വീപ് അതോറിറ്റി ബില്ലായിരുന്നു തുടർന്നുള്ള ഇരുട്ടടി. ചെറിയ ഭൂമി തുണ്ടുകൾ കൈവശം വെയ്ക്കുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തിരുന്ന ദ്വീപ് നിവാസികൾക്ക് തിരിച്ചടിയായി മൂന്ന് വർഷത്തേക്ക് വീടിന് ലൈസൻസ് അനുവദിക്കുക എന്ന ചട്ടവും കൊണ്ടുവന്നു. ടൗൺപ്ലാനിങും അധികാരവും എല്ലാം കൈയ്യാളുന്ന ബിജെപിയുടെ പ്രഫുൽ പട്ടേലിനും പരിവാരത്തിനും വേണമെങ്കിൽ മൂന്ന് വർഷം കഴിഞ്ഞാൽ ലൈസൻസ് നിഷേധിക്കാനുള്ള അധികാരമുണ്ട്. ഇതിനു പുറമെ ദ്വീപുകാർ പട്ടയമടക്കം കൈവശം വച്ച് അനുഭവിച്ച് വരുന്ന ഭൂമിയിൽ ഒക്യുപ്പെൻസി സർട്ടിഫിക്കറ്റ് നൽകാതെ, ഡൈവർഷൻ സർട്ടിഫിക്കറ്റ് നൽകാതെ, ഭൂമി കൈമാറ്റമോ റെജിസ്ട്രേഷനോ സമ്മതിക്കാതെ, അവിടത്തെ ബിൽഡിംഗുകൾ പൊളിച്ച് മാറ്റാൻ ഉത്തരവിറക്കുകയാണ്. ലാൻഡ് ലീസ് റേറ്റ് തുച്ഛമായ വിലയ്ക്ക് നിശ്ചയിക്കുന്നതും വലിയ പ്രയാസമാണ്. തീർന്നില്ല; ലഹരി വിരുദ്ധ പ്രദേശത്ത് ടൂറിസ്റ്റുകൾക്ക് മദ്യ വിൽപ്പനക്ക് അനുമതി നൽകിയിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന വാഹനങ്ങളുള്ള ദ്വീപിലെ റോഡുകൾ വിശാലമാക്കാനാണ് അടുത്ത നീക്കം. ഇതിനായി റോഡരികിലെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുമെന്നതിൽ ആർക്കും സംശയമുണ്ടാകാൻ വഴിയില്ല. ജനങ്ങളെ കുടിയൊഴിപ്പിച്ച് ആരോരുമില്ലാതെയാക്കാനാണ് ഈ നീക്കങ്ങൾ.

തൊഴിലിനായി ദ്വീപ് വിട്ടുപോകേണ്ട അവസ്ഥ അധികമൊന്നും ഇവിടുത്തുകാർക്ക് വരാറില്ല. എന്നാൽ നിയമത്തിലെ ചില നൂലാമാലകൾ ചൂണ്ടിക്കാണിച്ച് സർക്കാർ ഓഫീസുകളിൽ കരാറിടസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് തദ്ദേശീയരേയാണ് പഫുൽ പട്ടേലിന്റെ ഉത്തരവോടെ പിരിച്ചുവിട്ടത്.

കേരളവുമായി വാണിജ്യ ബന്ധവുമുള്ള ലക്ഷദ്വീപുകാർ ആശ്രയിച്ചിരുന്നത് ബേപ്പൂർ തുറമുഖത്തേയാണ്. കേരളത്തിലേക്കുള്ള യാത്ര ബേപ്പൂരിലേക്കായിരുന്നു. എന്നാൽ ഇപ്പോൾ മംഗലാപുരം പോർട്ടുമായി മാത്രം ബന്ധം മതിയെന്നാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനം. ഇതോടെ കേരളവുമായുള്ള ബന്ധം അറ്റുപോവുമെന്ന് ഇവർ ഭയക്കുന്നു.

2011ലെ നിയമപ്രകാരം കടലിനോട് ചേർന്ന കോസ്റ്റൽ റെഗുലേറ്ററി സോണുകളിൽ നിർമ്മാണ പ്രവർത്തികൾ നടത്താൻ പാടില്ലെന്ന് ചട്ടമുണ്ട്. ആദ്യം 50 മീറ്റർ പരിധി എന്നത് പിന്നീട് 20 മീറ്ററാക്കി കുറച്ചിരുന്നു. എന്നാൽ ദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് മുൻ അഡ്മിനിസ്‌ട്രേറ്റർമാർ പ്രത്യേക ഇളവ് നൽകിയിരുന്നു. ഇതുപ്രകാരം നിർമ്മിച്ചിരുന്ന തൊഴിലുപകരണങ്ങൾ സൂക്ഷിച്ചിരുന്ന കടൽതീരത്തെ ചെറിയ കെട്ടിടങ്ങളും ഓലപ്പുരകളും നശിപ്പിക്കുകയും തീയിട്ട് കത്തിച്ചാമ്പലാക്കുകയും ചെയ്യുകയാണ്. മത്സ്യം ഉണക്കാനുള്ള സ്ഥലം പോലും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമായി. ഇനി മത്സ്യബന്ധനം അഡ്മിനിസ്‌ട്രേറ്റർ നിർദേശിക്കുന്ന ഇടങ്ങളിൽ മാത്രമേ നടത്താൻ സാധിക്കൂ. ബാക്കി ഭൂരിഭാഗം പ്രദേശവും ടൂറിസത്തിനായി മാറ്റി വെച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത കടലിനെയും മത്സ്യബന്ധനത്തേയും ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ജനങ്ങളോട് ഇതിലും ക്രൂരമായി എങ്ങനെയാണ് ഒരു ഭരണാധികാരിക്ക് പെരുമാറാൻ സാധിക്കുക.

ലക്ഷദ്വീപിന്റെ പൈതൃകവും സംസ്‌കാരവും അവിടുത്തെ മുസ്ലിം ജനജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. 99 ശതമാനം മുസ്ലിം ജനവിഭാഗങ്ങൾ മാത്രമുള്ള ദ്വീപിനോട് മോഡി സർക്കാരും ബിജെപിയും കാണിക്കുന്നത് സംഘപരിവാര ഭീകരതയാണ് എന്നതിൽ തെല്ലും സംശയമില്ല. അല്ലെങ്കിൽ ദ്വീപിന്റെ മണ്ണിലേക്ക് ചട്ടങ്ങൾ ലംഘിച്ച് ഒരു രാഷ്ട്രീയക്കാരനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് ജനങ്ങൾ ചോദിക്കുന്നു. ടൂറിസത്തിന്റെ പേരിൽ ഒരു സംസ്‌കാരം തന്നെ നശിപ്പിക്കാനാണ് നീക്കം. കൂടുതൽ സഞ്ചാരികളെ എത്തിക്കാനായി മദ്യമൊഴുക്കാൻ നിർദേശിക്കുന്നത് ഏത് വികസനത്തിൽപ്പെടുത്തണമെന്നാണ് ഇവിടുത്തുകാർക്ക് ചോദിക്കാനുള്ളത്.

മാംസം ഭക്ഷിക്കുന്ന ജനതയ്ക്ക് മുന്നിൽ അടുത്തതായി പ്രഫുൽ പട്ടേൽ അവതരിപ്പിക്കുന്നത് ബീഫ് നിരോധനമാണ്. ദ്വീപിൽ ഗോവധ നിരോധനം നടപ്പാക്കാനും കശാപ്പുകൾ നിർത്തിവെയ്ക്കാനും പ്രഫുൽ പട്ടേൽ ഏത് നിമിഷവും ഉത്തരവിടുമെന്നാണ് റിപ്പോർട്ട്.

സൊഹ്‌റാബുദ്ധീൻ വ്യാജഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ അറസ്റ്റിലായപ്പോൾ പകരം ആ പദവി ഏറ്റെടുത്ത പ്രഫുൽ പട്ടേലിനെ തന്നെ ലക്ഷദ്വീപിലേക്ക് അയച്ചത് ബിജെപിയുടെ കണക്കുകൂട്ടൽ പ്രകാരം തന്നെയാണെന്ന് ദ്വീപ് നിവാസികളും ഉറപ്പിക്കുകയാണ്. ഇത്രനാളും സിവിൽ സർവീസ് ഓഫീസർമാർ മാത്രമിരുന്ന ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റർ പദവിയിലേക്ക് ചട്ടങ്ങളെ മറികടന്ന് ഒരു ബിജെപി നേതാവിനെ അയക്കുമ്പോൾ നാട്ടുകാർക്ക് സംശയിക്കാതെ തരമില്ല.

പ്രഫുൽ കെ പട്ടേലിനെ നിയമിച്ച കേന്ദ്രസർക്കാർ തന്നെ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് നാനാഭാഗത്തുനിന്നും ശബ്ദമുയർന്നു കഴിഞ്ഞു. സിപിഎം അടക്കമുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ലക്ഷദ്വീപിലുള്ളവർക്ക് ശബ്ദിക്കാൻ പോലും ഭയമായിരിക്കുന്ന ഈ സാഹചര്യത്തിൽ കരയിലുള്ളവർക്കാണ് ഇനി എന്തെങ്കിലും ചെയ്യാനാവുക എന്ന് നിരാശയോടെ പറയുകയാണ് ദ്വീപ് ജനത. ഇന്റർനെറ്റ് സേവനം കട്ട് ചെയ്യുന്നതിലൂടെ സുഖമായി ഒരു ജനതയെ മൗനത്തിലാക്കാൻ കഴിവുള്ള ഈ സർക്കാരിന്റെ കാലത്ത് ഭയക്കാതെ വയ്യെന്ന് ദ്വീപ് നിവാസികളായ സാബിതും ബിസ്മിലും ബിഗ് ന്യൂസിനോട് പറഞ്ഞു.

Exit mobile version