റോഡ് പരാതി ഉണ്ടെങ്കില്‍, അറിയിക്കാന്‍ മൊബൈല്‍ ആപ്പ്; സൂപ്പര്‍ സ്പീഡില്‍ മൊബൈല്‍ ആപ്പും, കൈയ്യടി നേടി മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍

Muhammed Riyas mla | Bignewslive

തിരുവനന്തപുരം: റോഡുകളെ കുറിച്ചുള്ള പുതിയ പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി അറിയിച്ചു.

ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡ് മൈന്റെനന്‍സ് മാനേജ്മെന്റ് സിസ്റ്റം (ആര്‍എംഎംഎസ്) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നതെന്ന് മന്ത്രി അറിയിച്ചു.

തെരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ, മഴക്കാലത്ത് റോഡുകള്‍ പൊട്ടിപ്പൊളിയാന്‍ ഇടവരരുതെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്നും അദ്ദേഹം നിര്‍ദേശം കൈമാറിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. പതിവായി കാലവര്‍ഷത്തില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളില്‍ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version