വാഹനമിടിച്ച് അമ്മ വെരുക് ചത്തു, മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ നുകരാന്‍ ശ്രമിച്ച് വെരുകിന്‍ കുഞ്ഞുങ്ങളും, നൊമ്പരകാഴ്ച

എടപ്പാള്‍: വാഹനമിടിച്ച് ചത്തുപോയ വെരുകിന്റെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന വെരുകിന്റെ കുഞ്ഞുങ്ങള്‍ ഇന്ന് നൊമ്പരകാഴ്ചയാവുകയാണ്. നടുവട്ടം-നെല്ലിശ്ശേരി റോഡില്‍ വാഹനമിടിച്ച് ചത്ത കാട്ടുവെരുകിന്റെ നാല് കുഞ്ഞുങ്ങളാണ് നോവായത്.

കഴിഞ്ഞ ദിവസം രാത്രി കുഞ്ഞുങ്ങളുമായി ഇരതേടാനിറങ്ങിയ മെരുകാണ് വാഹനപകടത്തില്‍ ചത്തത്. ചെമ്പേലവളപ്പില്‍ റഫീഖിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച രാവിലെ തലക്ക് ക്ഷതമേറ്റ് പ്രാണനറ്റ് വെരുകിനെ കാണ്ടത്. റോഡരികിലെ വെള്ളമൊഴുകിപ്പോകുന്ന കാനയില്‍ നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മഴയില്‍ നനഞ്ഞ് അവശരായിക്കിടക്കുന്ന വെരുകിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

ഇതോടെ നാട്ടുകാര്‍ മൃഗസംരക്ഷകനായ ശ്രിജേഷ് പന്താവൂരിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അമ്മ വെരുകിനെ കുഞ്ഞുങ്ങള്‍ പതിഞ്ഞിരിക്കുന്ന കാനയുടെ സ്ലാബിന് സമീപത്തേക്ക് മാറ്റുകയുമായിരുന്നു. ഉടനെ മണത്തറിഞ്ഞ കുഞ്ഞുങ്ങള്‍ അമ്മ മെരുകിന് അടുത്തേക്ക് ഓടിയെത്തി. ജീവന്‍ നഷ്ടപ്പെട്ടതറിയാതെയുള്ള അവയുടെ തൊട്ടുരുമ്മലും സ്നേഹപ്രകടനവും അമ്മിഞ്ഞ നുകരാനുള്ള വിശപ്പോടെയുള്ള ആര്‍ത്തിയുമുള്ള കാഴ്ച ഹൃദയഭേദകമായിരുന്നു.

Exit mobile version