കൊവിഡ് രണ്ടാം തരംഗം; ഇനിയുള്ള മൂന്നാഴ്ച അതിനിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി, കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണ സംഖ്യ ഉയരുമെന്ന് മുന്നറിയിപ്പ്

Cm Pinarayi Vijayan | Bignewslive

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ പിടിമുറുക്കവെ, അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പെന്നും അദ്ദേഹം അറിയിച്ചു. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്.

ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍;

രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700-ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതും.

കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്.

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.

ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് രണ്ട് മുതല്‍ ആറ് ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Exit mobile version