വീണ്ടും കേന്ദ്രത്തിന്റെ അഭിനന്ദനം നേടി കേരളാ മോഡൽ; കേരളത്തിലെ ഓക്‌സിജൻ നഴ്‌സുമാർക്ക് അഭിനന്ദനം; ഒപ്പം രാജസ്ഥാനും തമിഴ്‌നാടിനും പ്രശംസ

oxygen-nurses_

ന്യൂഡൽഹി: വീണ്ടും രാജ്യത്തിന്റെ പ്രശംസ ഏറ്റുവാങ്ങി കേരളാ മോഡൽ. കേരളത്തിലെ ഓക്‌സിജൻ നഴ്‌സുമാർക്ക് കേന്ദ്രസർക്കാരിന്റെ അഭിനന്ദനം. കേരളത്തിലെ ആശുപത്രികളിൽ ഓക്‌സിജന്റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനുള്ള ‘ഓക്‌സിജൻ നഴ്‌സുമാരുടെ’ സേവനമാണ് പ്രശംസ ഏറ്റുവാങ്ങിയിരിക്കുന്നത്.

ഇതോടൊപ്പം തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലൻസ്, രാജസ്ഥാനിലെ മൊബൈൽ ഒപിഡി അടക്കമുള്ള സംരംഭങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ പ്രശംസ ലഭിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങൾ ഉപയോഗിച്ച മികച്ച രീതികൾ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതി. വിവിധ സംസ്ഥാനങ്ങൾ ഉപയോഗിച്ച 12 സംരംഭങ്ങളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിലാണ് കേരളത്തിന്റെ ‘ഓക്‌സിജൻ നഴ്‌സുമാരുടെ’ സേവനവും പരാമർശിക്കുന്നത്.

കേരളത്തിന് പുറമേ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഢ്, ഹരിയാന, ചണ്ഡിഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിസന്ധിയെ നേരിടുന്ന മികച്ച മാതൃകകൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ ലഭിച്ചത്. കോവിഡ് ഇതര അവശ്യ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായുള്ള മൊബൈൽ ഒപിഡി, ഓക്‌സിജൻ പാഴാക്കൽ പരിശോധിക്കുന്നതിനായി ഓരോ ആശുപത്രിയിലും ഏർപ്പെടുത്തിയ ‘ഓക്‌സിജൻ മിത്ര’ എന്നിവയാണ് രാജസ്ഥാനിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത്.

ഉത്തർപ്രദേശിലെ റായ്ബറേലിലെ ഗ്രാമീണ മേഖലയിൽ ഏർപ്പെടുത്തിയ വീട് തോറും ചെന്നുള്ള കോവിഡ് പരിശോധനയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ തന്നെ വാരണാസിയിലെ സാധാരണ പൗരന്മാരുടെ കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിനായിള്ള കാശി കോവിഡ് റെസ്‌പോൺസ് സെന്റർ, ഹരിയാനയിലെ ഗുരുഗ്രാമിൽ ജോലിസ്ഥലത്ത് ചെന്നുള്ള വാക്‌സിനേഷൻ തുടങ്ങിയവയും പട്ടികയിലുണ്ട്.

Exit mobile version