സത്യപ്രതിജ്ഞയ്ക്ക് 500 പേരുമില്ല; സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങിയത് 240 കസേരകൾ മാത്രം

തിരുവനന്തപുരം: ഏറെ ചർച്ചയായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വീണ്ടും അതിഥികളുടെ എണ്ണം കുറച്ചതായി സൂചന. സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് 240 കസേരകൾ മാത്രം.

ക്ഷണിക്കപ്പെട്ടവരിൽ കൂടുതൽ പേരും എത്താനാകില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ ക്രമീകരണമെന്നാണ് സൂചന. കൂടുതൽ ആളുകളെത്തിയാൽ മാത്രമായിരിക്കും അധിക കസേരകൾ ക്രമീകരിക്കുക. നേരത്തെ 500 പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചത്.

പിന്നീട് ആളുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിനെ തുടർന്ന് നിരവധി പേർ ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞവേദിയിലെ കസേരകളുടെ എണ്ണം കുറച്ചിരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് വാക്സീൻ സർട്ടിഫിക്കറ്റോ നിർബന്ധമാണ്.

സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശമുണ്ടായത്. പ്രതിപക്ഷാംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Exit mobile version