കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മുന്‍ രാജ്യസഭാംഗം കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ് തുടരും.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവുമാണ് കെകെ രാഗേഷ്. എസ്എഫ്‌ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയര്‍ന്നു. 2015 ഏപ്രിലില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു.

നാളെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത്. എന്‍ട്രി പാസ് ഉള്ളവര്‍ക്ക് മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകു.

48 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് റിസള്‍ട്ടും വേണം. ചടങ്ങില്‍ പങ്കെടുക്കന്നവരെല്ലാം ഡബിള്‍ മാസ്‌ക് ധരിച്ചിരിക്കണം. ചടങ്ങ് കഴിയുന്നത് വരെ ആരും മാസ്‌ക് മാറ്റരുത്. വേദിയില്‍ വെള്ളം, ലഘുഭക്ഷണം പോലുള്ളവയൊന്നും വിതരണം ചെയ്യില്ല.

Exit mobile version