കോവിഡ് പ്രതിരോധം: വാക്സിന്‍ അടക്കമുള്ള ജീവന്‍രക്ഷാ സാമഗ്രികള്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കും: കമ്പനികളെ ക്ഷണിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വാക്‌സിന്‍ അടക്കമുള്ളവ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. താല്‍പ്പരരായ ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മേയ് 31 നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് സ്റ്റാലിന്‍ അറിയിച്ചു.

ഓക്സിജന്‍ പ്ലാന്റുകള്‍, വാക്സിന്‍, കോവിഡ് പ്രതിരോധത്തിന് വേണ്ട മറ്റ് ജീവന്‍രക്ഷാ സാമഗ്രികള്‍ എന്നിവ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് നീക്കം. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ടിഡ്കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്റെ അടിസ്ഥാനത്തില്‍ ടിഡ്കോ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും.

മേയ് 13 ന് വിളിച്ചുചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. മുന്‍ ആരോഗ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ സി വിജയഭാസ്‌കര്‍, ജികെ മണി (പി.എം.കെ), നഗര്‍ നാഗേന്ദ്രന്‍ (ബി.ജെ.പി), സുസന്‍ തിരുമലൈകുമാര്‍ (എംഡിഎംകെ), എസ്എസ് ബാലാജി (വി.സി.കെ), ഡോ. ജവഹറുള്ള (എം.എം.കെ), ആര്‍ ഈശ്വരന്‍ (കെ.എം.ഡി.കെ), ടി. വേല്‍മുരുഗന്‍ (ടി.വി.കെ), പൂവൈ ജഗന്‍ മൂര്‍ത്തി (പി.ബി) എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

എം.കെ സ്റ്റാലിന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഡോ. ഏഴിലന്‍ (ഡി.എം.കെ), മണിരത്‌നം (കോണ്‍ഗ്രസ്), നാഗൈ മലി (സി.പി.ഐ.എം), ടി. രാമചന്ദ്രന്‍ (സി.പി.ഐ) എന്നിവരാണ് മറ്റ് അംഗങ്ങള്‍. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ദിവസവും കമ്മിറ്റി വിലയിരുത്തും.

Exit mobile version