ബിജെപി അക്കൗണ്ട് പൂട്ടിച്ച് മന്ത്രിസഭയിലേക്ക്; ചരിത്രവുമായി തലസ്ഥാനത്തിന്റെ മുഖമായി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ച ചരിത്രവുമായാണ് വി ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തുന്നത്.

2016ല്‍ ഒ രാജഗോപാലിലൂടെ മണ്ഡലം പിടിച്ച ബിജെപി പിന്നീട് നടന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ക്രമാനുഗതമായി അവരുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. മറ്റ് പാര്‍ട്ടികള്‍ക്ക് അവിടെ വിജയസാദ്ധ്യത കല്‍പിക്കാന്‍ കഴിയാത്ത തരത്തില്‍ മണ്ഡലത്തില്‍ ബിജെപി സ്വാധീനം കൂട്ടി.

എന്നാല്‍ ഇത്തവണ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വി ശിവന്‍കുട്ടിയുടെ വിജയം.

ഇത് മൂന്നാം വട്ടമാണ് വി.ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തുന്നത്. 2006ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2011ല്‍ നേമം മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ കരുത്തനായ ഒ രാജഗോപാലിനെ 6415 വോട്ടിന് തോല്‍പിച്ച് നിയമസഭയിലെത്തി.

2016ല്‍ അതേ രാജഗോപാലിനോട് പരാജയപ്പെട്ടപ്പോള്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ആ അക്കൗണ്ട് ഇത്തവണ ക്‌ളോസ് ചെയ്യും എന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് ഒട്ടും തെറ്റിയില്ല. മികച്ച വിജയം തന്നെ വി ശിവന്‍കുട്ടി ഇടത് മുന്നണിയ്ക്ക് വേണ്ടി നേമത്ത് നേടിക്കൊടുത്തു.

1954 നവംബര്‍ 10ന് ചെറുവക്കലില്‍ എം വാസുദേവന്‍ പിള്ളയുടെയും പി കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി ശിവന്‍കുട്ടി ജനിച്ചത്. ചരിത്രത്തില്‍ ബിഎ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയിലൂടെയാണ് വി ശിവന്‍കുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെമ്പഴന്തി കോളേജില്‍ പഠിക്കുമ്പോള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് കേരള സര്‍വകലാശാല സെനറ്റ്, കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായിട്ടുണ്ട്. ഉളളൂര്‍ പഞ്ചായത്ത് പ്രസിഡന്റായാണ് പാര്‍ലമെന്ററി രംഗത്തെ വലിയ സ്ഥാനങ്ങളിലേക്കുളള അദ്ദേഹത്തിന്റെ പ്രയാണത്തിന്റെ തുടക്കം. പിന്നീട് പഞ്ചായത്ത് കോര്‍പറേഷനില്‍ ചേര്‍ത്തപ്പോള്‍ കൗണ്‍സിലറും തുടര്‍ന്ന് മേയറുമായി.

അനന്തപുരി മേയറായിരിക്കെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ട് ശ്രദ്ധനേടി. സിഐടിയുവിന്റെ നിരവധി സംഘടനകളില്‍ സജീവസാന്നിദ്ധ്യമായ അദ്ദേഹത്തിനെ തേടി പൊതുപ്രവര്‍ത്തകര്‍ക്കുളള പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. വരദരാജന്‍ അവാര്‍ഡ് അംബേദ്കര്‍ അവാര്‍ഡ് എന്നിവ അക്കൂട്ടത്തില്‍ പെടും.

പിഎസ്‌സി അംഗമായ ആര്‍ പാര്‍വതി ദേവിയാണ് വി.ശിവന്‍കുട്ടിയുടെ ഭാര്യ. ഇടത് താത്വിക ആചാര്യനായിരുന്ന പി ഗോവിന്ദപിളളയുടെ മകളാണ് പാര്‍വതി ദേവി. ഗോവിന്ദ് ശിവനാണ് മകന്‍.

Exit mobile version