‘ എങ്ങനെയെങ്കിലും ആ പെണ്‍കുട്ടിയെ രക്ഷിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ’ ! പുഴയിലേക്ക് ചാടി മരണത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച സൗരവ് പറയുന്നു

പുഴയിലേക്ക് ചാടി മരണത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് നാട്ടിലെ താരമായി മാറിയ ഇരുപത്തിയൊന്നുകാരന്റെ അനുഭവ കഥ വായിക്കാം.

തളിപ്പറമ്പ്; ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുപ്പം പാലത്തിനടുത്ത് വെച്ച് ആ അപ്രതീക്ഷിത സംഭവം നടന്നത്. ഒരിക്കലും മറക്കാനാവാത്ത അനുഭവം. പുഴയിലേക്ക് ചാടി മരണത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് നാട്ടിലെ താരമായി മാറിയ ഇരുപത്തിയൊന്നുകാരന്റെ അനുഭവ കഥ വായിക്കാം.

പരിയാരത്ത് നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന വഴിയായിരുന്നു സൗരവും സഹോദരന്‍ അഭിഷേകും. പാലത്തിലൂടെ നടന്നുവരുന്ന പെണ്‍കുട്ടിയെ ഇരുവരും കണ്ടിരുന്നു. നടന്നു വരികയായിരുന്ന പെണ്‍കുട്ടി പെട്ടന്ന് കൈയ്യിലെ ബാഗ് വലിച്ചെറിഞ്ഞ് പാലത്തിന് കൈവരിക്ക് മുകളില്‍ കയറി പുഴയിലേക്ക് ചാടുകയായിരുന്നു. ബൈക്കില്‍ വരികയായിരുന്ന സൗരവും സഹോദരന്‍ അഭിഷേകും ഇതുകണ്ടു. രണ്ടാമതൊന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ സൗരവും കൂടെ ചാടി.

അഭിഷേക് ഈ സമയം അതുവഴി വരികയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആളെ കൂട്ടി സഹായം ചോദിച്ചു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ സഹായത്തോടെ പോലീസിനേയും വീട്ടുകാരെയും വിവരമറിയിച്ചു. അതിനിടയില്‍ സൗരവ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന്റെ തൂണില്‍ പിടിച്ചു നിന്നു. പിന്നീട് തോണിക്കാരും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ചോര്‍ക്കുമ്പോള്‍ സൗരവിന് ഇപ്പോഴും ശരീരം വിറയ്ക്കും. എന്ത് ധൈര്യത്തിലാണ് അത്രയും ആഴമുള്ള പുഴയിലേക്ക് എടുത്തു ചാടിയതെന്ന് ചോദിച്ചാല്‍ ഏതോ ഒരു തോന്നലില്‍ അങ്ങനെ ചെയ്തെന്നല്ലാതെ മറ്റൊരുത്തരം സൗരവിനില്ല. ‘പുഴ നിറഞ്ഞൊഴുകുന്നത് കാണുമ്പോള്‍ എപ്പോഴും പേടിയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ പോയാലും നീന്തലില്‍ അവര്‍ക്കൊപ്പം പോലും പലപ്പോഴും എത്താറില്ല, പക്ഷെ പാലത്തില്‍ നിന്നൊരാള്‍ താഴേക്ക് ചാടിയത് കണ്ടപ്പോള്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കണമെന്നു മാത്രമായിരുന്നു അപ്പോള്‍ ചിന്ത’ -സൗരവ് പറയുന്നു.

‘നീന്തലില്‍ അത്രയ്ക്ക് മിടുക്കൊന്നും എനിക്കില്ല, അത്രയും ആഴമുള്ള പുഴയിലേക്ക് ആ പാലത്തിന്റെ മുകളില്‍ നിന്നും നോക്കുമ്പോഴൊക്കെ ഉള്ളൊന്നു കിടുങ്ങിയിട്ടേ ഉള്ളൂ, കാലില്‍ നിന്നൊരു തരിപ്പ് മേലേക്ക് കയറിയിട്ടേ ഉള്ളൂ..പക്ഷെ കണ്‍മുന്നിലൊരു ജീവന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ എങ്ങനെയെങ്കിലും ഒന്നു രക്ഷിക്കണമെന്നല്ലാതെ വേറൊന്നും തോന്നിയില്ല. ആ തോന്നലിന്റെ പുറത്താണ് പുഴയിലേക്ക് എടുത്തുചാടിയത്” സൗരവ് പറയുന്നു.

എന്തായാലും സൗരവ് ഇപ്പോള്‍ നാട്ടിലെ താരമാണ്. പെണ്‍കുട്ടിയെ രക്ഷിച്ച സൗരവിന്റെ മനോധൈര്യത്തിന് നാട്ടിലെ പോലീസും നല്‍കി ഒരു ‘സല്യൂട്ട്’. പരിയാരം എസ്‌ഐയുടെ നേതൃത്വത്തില്‍ സൗരവിനേയും അഭിഷേകിനേയും പൊന്നാടയണിയിച്ചു. നാട്ടുകാരുടേയും കൂട്ടുകാരുടേയും വക അഭിനന്ദനപ്രവാഹമാണ് ഇരുവര്‍ക്കുമിപ്പോള്‍.. തളിപ്പറമ്പിനടുത്ത് ചാലത്തൂരിലെ രഘുനാഥന്റേയും പ്രമീളയുടെയും മകനാണ് സൗരവ്.

Exit mobile version