ആന്റിജന്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന; മുഖ്യമന്ത്രി

തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വൈകുന്നു എന്ന പ്രശ്നം നിലവിലുണ്ട്. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന റെയില്‍വേ യാത്രക്കാര്‍, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആശുപത്രികളിലെ വൈദ്യുതി വിതരണം തടസമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ അടിയന്തിര ഇലക്ട്രിക് സപ്ലേയും ഉറപ്പാക്കണം. അതിതീവ്ര മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓക്സിജന്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓക്സിജന്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ഓക്സിജന്‍ ഓഡിറ്റ് ഫയര്‍ഫോഴ്സ് നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

ആശുപത്രികളില്‍ തീപിടുത്തം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. പള്‍സ് ഓക്സി മീറ്റര്‍ കുറഞ്ഞ ചിലവിലും സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി നിര്‍മിക്കാനാകുമെന്നും ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ കെല്‍ട്രോണിനെക്കൊണ്ട് ചെയ്യിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version