ഷെല്ലാക്രമണം: ഇസ്രായേലില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; അപകടം നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ

ചെറുതോണി: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 5.30ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രായേലിലെ ഗാസ അഷ്‌ക്കലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. ഇസ്രായേലിലെ അഷ്‌കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ മറ്റൊരു ഇസ്രായേല്‍ യുവതിയും കൊല്ലപ്പെട്ടു.

ഏതാനും സമയത്തിനുള്ളില്‍ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ്. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഗാസ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള പോരാട്ടത്തില്‍ ഇസ്രായേലിലെ ആദ്യത്തെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ പ്രദേശത്ത് നൂറുകണക്കിന് റോക്കറ്റുകളാണ് ഇന്ന് പതിച്ചത്. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍ ചൊവ്വാഴ്ച ഒരു ഘട്ടത്തില്‍ അഞ്ച് മിനിറ്റിനുള്ളില്‍ 137 റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹമാസ് അവകാശപ്പെട്ടു. തെക്കന്‍ തീരദേശ നഗരമായ അഷ്‌കെലോണിലെ ഒരു ബാരേജില്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്നാണ് മലയാളി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചത്.

Exit mobile version