അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍, അതീവ ജാഗ്രതാ നിര്‍ദേശം

heavy rain | Bignewslive

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് പതിനാലോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

മെയ് 14, 15 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 11-ഇടുക്കി, മലപ്പുറം, മെയ് 12-ഇടുക്കി, മെയ് 13-തിരുവനന്തപുരം, മെയ് 14- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മെയ് 15-കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Exit mobile version