നേമത്തും കഴക്കൂട്ടത്തുമെല്ലാം പാർട്ടി വോട്ടുകൾ ചോർന്നു; നായർ വോട്ടുകൾ യുഡിഎഫിനു പോയി മുസ്ലിം വോട്ടുകൾ ഏകീകരിച്ചെന്നും ബിജെപി; തോൽവി ചർച്ചയിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

vijaya yatra1

തിരുവനന്തപുരം: ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്നും പാർട്ടി വിലയിരുത്തുന്നു.

ജില്ലാ പ്രസിഡന്റ് വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം സമാഹരിച്ചെന്നാണ് വിലിരുത്തൽ. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനേക്കാൾ കൂടുതൽ വോട്ട് രാജേഷ് നേടിയെന്നും വിലയിരുത്തി.

ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ് സുരേഷിന് സാധിച്ചില്ലെന്ന് വി വിരാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് വാക് തർക്കത്തിന് ഇടയാക്കി. പ്രകോപിതനായ എസ് സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചതായാണ് വിവരം.

അതേസമയം, ബിജെപി ശക്തി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വരെ വോട്ടുകൾ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായർ വോട്ടുകളിൽ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ എൽഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തി.

കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പരാജയം വിലയിരുത്താനുള്ള യോഗത്തിൽ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാർത്ഥി നിർണയം വൈകിയതും പരാജയത്തിന് കാരണമായതായി നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട് ഒരു വിഭാഗം.

Exit mobile version