സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകൾ 80 ശതമാനവും നിറഞ്ഞു; സംസ്ഥാനത്ത് ഗുരുതര സാഹചര്യം

covid19

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ 80 ശതമാനവും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ നിറഞ്ഞെന്ന് റിപ്പോർട്ട്. വെന്റിലേറ്റർ സൗകര്യമുള്ള 1199 ഐസിയു കിടക്കകളിൽ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി നീക്കിവച്ചിട്ടുള്ള വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളിൽ 269 എണ്ണവും 436 വെന്റിലേറ്ററുകളിൽ 77 എണ്ണവും മാത്രമാണ് അവശേഷിക്കുന്നത്. ഓക്‌സിജൻ സൗകര്യമുള്ള 2843 കിടക്കകളിൽ 528 എണ്ണമേ അവശേഷിക്കുന്നുള്ളൂ.

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളും നിറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികൾ ഐസിയുവിലുണ്ട്. 818 പേർ വെന്റിലേറ്ററിലുമാണ്. സർക്കാർ ആശുപത്രികളിൽ ഇനി 238 വെന്റിലേറ്ററുകളാണ് അവശേഷിക്കുന്നത്.

എറണാകുളത്ത് വെന്റിലേറ്റർ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ. ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽ പത്തിൽ താഴെ വെന്റിലേറ്ററുകൾ മാത്രമേയുള്ളൂ. ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഇവ ഒഴിവില്ല.

Exit mobile version