സംസ്ഥാനത്തും സ്ഥിതി ഗുരുതരമാകുന്നു; ഐസിയുവില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കൊവിഡ് ബാധിതന്‍ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്തും സ്ഥിതി ഗുരുതരമാകുന്നു. ഐസിയു കിടക്കകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ കിടക്കകള്‍ എവിടെയും ഒഴിവില്ലാത്ത അവസ്ഥയാണ്. ഐസിയുവില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കൊവിഡ് ബാധിതന്‍ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് ശ്രീധനിയില്‍ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ എം.കെ.ശശിധരന്റെ മകന്‍ ധനീഷ് കുമാര്‍ (38) ആണ് മരിച്ചത്.

ധനീഷ് കുമാര്‍ 8 ദിവസം മുന്‍പാണ് പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നമില്ലാത്തതിനാല്‍ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്നു.

എന്നാല്‍ ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ സ്ഥിതി വഷളായി. ഓക്‌സിജന്‍ അളവ് 80ന് താഴെയെത്തി. തുടര്‍ന്ന് ജില്ലാ കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ചെങ്കിലും കൊവിഡ് ചികിത്സയുള്ള 2 സര്‍ക്കാര്‍ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ഉടനെ എത്തിക്കാനുമാണ് അവര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ സ്വകാര്യ ആശുപത്രിയിലും ഐസിയു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ധനീഷ് കുമാറിന്റെ സ്ഥിതി കൂടുതല്‍ വഷളായതോടെ വിവരം വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അറിയിച്ചു.
വേഗം കൊണ്ടുവന്നാല്‍ ഓക്‌സിജന്‍ നല്‍കാമെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും താമസിക്കുമെന്ന് മനസ്സിലായതോടെ വീട്ടുകാര്‍ ധനീഷിനെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Exit mobile version