ആറ് പൂർവ്വ വിദ്യാർത്ഥികൾ ജയിച്ചുകയറിയത് നിയമസഭയിലേക്ക്; തലയുയർത്തി തൃശ്ശൂരിലെ ശ്രീകേരള വർമ്മ കോളേജ്

kerala-varma-alumni

തൃശ്ശൂർ: സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ തലയെടുപ്പെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പ് കാലത്തും അതിന്റെ മഹത്വം വിളിച്ചോതുകയാണ്. കേരളവർമ്മയിലെ ആറ് പൂർവ്വ വിദ്യാർത്ഥികളാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്. കേരളത്തിലെ തന്നെ മറ്റൊരു കോളേജിന് അതിന്റെ ചരിത്രത്തിൽ ഇത്രയേറെ പൂർവ്വവിദ്യാർത്ഥികളെ ഒറ്റയടിക്ക് നിയമസഭയിലേക്ക് ആനയിക്കാനായോ എന്ന് സംശയമാണ്.

ചരിത്രത്തിൽ തന്നെ രേഖപ്പെടുത്താവുന്ന ഈ മഹത്തരമായ നേട്ടം കൈവരിച്ചത് കെ രാജൻ, മുരളി പെരുനെല്ലി, പി ബാലചന്ദ്രൻ, വിആർ സുനിൽ കുമാർ, ആർ ബിന്ദു, കെ രാധാകൃഷ്ണൻ എന്നീ എൽഡിഎഫ് സാരഥികളെ നിയമസഭയിലേക്ക് അയച്ചുകൊണ്ടാണ്.

ഒല്ലൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് കെ രാജൻ, മുരളി പെരുനെല്ലിയാകട്ടെ മണലൂരിൽ നിന്നും തുടർച്ചയായ രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. തൃശ്ശൂർ മണ്ഡലത്തിലെ ശ്രദ്ധേയമായ ത്രികോണ മത്സരത്തെ അതിജീവിച്ചാണ് പി ബാലചന്ദ്രൻ വിജയക്കൊടി പാറിച്ചിരിക്കുന്നത്. ചേലക്കരയിൽ നിന്നും വിജയിച്ച കെ രാധാകൃഷ്ണനും ശ്രീ കേരള വർമ്മ കോളേജിന്റെ സന്തതി തന്നെ.

വിആർ സുനിൽ കുമാരിന്റെ തട്ടകം കൊടുങ്ങല്ലൂരും ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ നിന്നുമാണ് ജയിച്ചുകയറിയത്. ഈ ആറ് ‘കേരള വർമ്മ എംഎൽഎ’മാരിലെ ഏക വനിതാസാന്നിധ്യമായ ആർ ബിന്ദു കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി മാത്രമല്ല പ്രിൻസിപ്പാളായി കോളേജിൽ സേവനമനുഷ്ഠിച്ചും വരികയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായാണ് ആർ ബിന്ദു രാജി സമർപ്പിച്ചത്.

Exit mobile version