പ്രവചനങ്ങളെ തെറ്റിച്ചു; പ്രാദേശിക കരുത്ത് മാത്രമായി ഒതുങ്ങി; വെല്ലുവിളിയാകാതെ ട്വന്റി-ട്വന്റി

കൊച്ചി: മൂന്നുമുന്നണികൾക്കും വെല്ലുവിളിയായി മാറുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രവചിക്കപ്പെട്ടിരുന്ന നവയുഗ പാർട്ടി ട്വന്റി-ട്വന്റി കിഴക്കമ്പലം പ്രത്യേകിച്ച് മുന്നേറ്റമുണ്ടാക്കാനാകാതെ പ്രാദേശിക തലത്തിൽ തന്നെ ഒതുങ്ങി. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ട്വന്റി-ട്വന്റി വലിയ ഓളമുണ്ടാക്കാതെ മൂന്നും നാലും സ്ഥാനത്തേക്ക് ചുരുണ്ടുകൂടി. തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് പുറത്തുവിട്ട കണക്കുപ്രകാരം കുന്നത്തുനാട്ടിൽ മൂന്നാമതും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതുമെത്തിയത് ഉൾപ്പടെയുള്ളതാണ് ട്വന്റി-ട്വന്റിയുടെ പ്രകടനം.

വലിയ തോതിലുള്ള പ്രചാരണവും കുന്നത്തുനാട്ടിൽ വിജയമുറപ്പിച്ചുമാണ് ട്വന്റി-ട്വന്റി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി പ്രവർത്തിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായതോടെയാണ് തെരഞ്ഞെടുപ്പ്-രാഷ്ട്രീയ കളത്തിൽ ശൈശവാവസ്ഥയിൽ ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനായി ട്വന്റി-ട്വന്റി ഇറങ്ങിയത്. പക്ഷെ, എല്ലാ കണക്കുകൂട്ടലുകളും പിഴയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്നുള്ള ഫലം.

കുന്നത്തുനാട്ടിൽ 42,701, തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമംഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി-ട്വന്റിയുടെ വോട്ട് നില. കനത്ത പോരാട്ടം കാഴ്ചവെയ്ക്കുമെന്നും ചിലപ്പോൽ വിജയിച്ചേക്കാമെന്നും പ്രീപോൾ സർവേകൾ വിലയിരുത്തിയ ട്വന്റി-ട്വന്റി എന്നാൽ നിരാശാജനകമായ പ്രകടനം തന്നെയാണ് കുന്നത്തുനാട്ടിലും കാഴ്ചവെച്ചത്. ഇരുമുന്നണികളിൽനിന്നും അല്പമെങ്കിലും വോട്ടുകൾ കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥിയായ ഡോ. സുജിത് പി സുരേന്ദ്രന് സമാഹരിക്കാനായത് മാത്രമാണ് ഏക ആശ്വാസം. ജില്ലയിൽ ട്വന്റി-ട്വന്റി വലിയ വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന മറ്റൊരു മണ്ഡലമായ തൃക്കാക്കരയിൽ ട്വന്റി-ട്വന്റിക്ക് കാര്യമായി വോട്ട് ലഭിച്ചിട്ടില്ല എന്നതും വലിയ തോതിൽ ചർച്ചയാകുന്നു. കൂടാതെ കോതമംഗലത്ത് 2,693 വോട്ടിൽ ഒതുങ്ങുകയും ചെയ്തു.

പ്രാദേശികമായ അടിയൊഴുക്കുകളും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും മാത്രം മനസിൽ വെച്ച് നിയമസഭാ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ലാഘവത്തോടെ ഇറങ്ങിയതാണ് ട്വന്റി-ട്വന്റിക്ക് തിരിച്ചടിയായതെന്ന് ഉറപ്പാണ്. രാഷ്ട്രീയ കേരളത്തിൽ വലിയ രീതിയിൽ ചർച്ചയായ ട്വന്റി-ട്വന്റി മുന്നോട്ടുള്ള വളർച്ച എങ്ങനെയെന്ന് ഇനിയും തിരിച്ചറിയാതെ പകച്ചിട്ടുണ്ടാവണം ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ.

Exit mobile version