രണ്ട് മണ്ഡലങ്ങളിലും തോല്‍ക്കുന്ന ആദ്യ നേതാവായി കെ സുരേന്ദ്രന്‍: 35ല്‍ പോയിട്ട് 1ല്‍ പോലും വിരിയാതെ താമര

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ താമര വിരിയിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അവസാന നിമിഷം വരെ പൊരുതിയ ഇ ശ്രീധരനും കുമ്മനം രാജശേഖരനും പരാജയം സമ്മതിക്കേണ്ടിവന്നു. 5,150 വോട്ടുകള്‍ക്കായിരുന്നു ശിവന്‍കുട്ടി നേമം തിരിച്ചുപിടിച്ചത്.

ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് അവസാന ലാപ്പ് വരെ ഉയര്‍ന്നുനിന്ന ലീഡാണ് ഇ ശ്രീധരന് നഷ്ടമായത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ മണ്ഡലം നിലനിര്‍ത്തിയത്.

തൃശൂരിലും സുരേഷ് ഗോപി വിജയിക്കുമെന്ന പ്രതീക്ഷയില്‍ ലീഡ് നിലയില്‍ ഉയര്‍ത്തിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായില്ല.

അതേസമയം, മത്സരിച്ച് രണ്ട് മണ്ഡലങ്ങളിലും തോറ്റ ഏക നേതാവായി മാറിയിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാമതായി. സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് തോല്‍ക്കുന്ന ആദ്യത്തെ നേതാവാണ് സുരേന്ദ്രന്‍.

35 സീറ്റുകള്‍ പിടിച്ച് കേരളം ഭരിക്കുമെന്ന അവകാശവാദവുമായി എത്തിയ കെ സുരേന്ദ്രനോ മറ്റ് ബിജെപി നേതാക്കളോ തോല്‍വിയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തവണയെങ്കിലും കേരളത്തില്‍ വലിയ വിജയം പ്രതീക്ഷിച്ച ദേശീയ നേതൃത്വത്തിനും സംസ്ഥാനത്തെ പ്രകടനം ക്ഷീണമുണ്ടാക്കി. വരും ദിവസങ്ങളില്‍ കേരളത്തിലെ ബിജെപിയില്‍ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

Exit mobile version