അവസാന ലാപ്പ് വരെ ഇഞ്ചോടിഞ്ച് പ്രതീക്ഷയില്‍, അവസാനം പാളം തെറ്റി മെട്രോമാന്‍; ചിത്രത്തില്‍ ഇല്ലാതെ ബിജെപി

പാലക്കാട്: കേരളത്തില്‍ ഇടതുപക്ഷ തേരോട്ടത്തില്‍ ഒരു സീറ്റിലെങ്കിലും താമര വിരിയാനുള്ള മോഹം കെട്ടടങ്ങി. ആദ്യഘട്ടം മുതല്‍ മുന്നിട്ട് നിന്ന് വിജയത്തിനടുത്ത് നിന്ന് മെട്രോമാന്റെ ആ മോഹം 3840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഷാഫി പറമ്പില്‍ കവര്‍ന്നെടുത്തു.

പ്രതീക്ഷിച്ച മണ്ഡലങ്ങളെല്ലാം നിശ്ശേഷം കൈവിട്ടുപോയി, അല്പമെങ്കിലും ആശ്വാസം പകര്‍ന്ന് നിന്ന മണ്ഡലമായിരുന്നു പാലക്കാട്. ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമവും എല്‍ഡിഎഫ് പിടിച്ചെടുത്ത് ഉണ്ടായിരുന്ന സ്വാധീനം പോലും ബിജെപിയ്ക്ക് നഷ്ടമാവുകയും ചെയ്തു.

മെട്രോമാന്‍ പാലക്കാട് അക്കൗണ്ട് തുറന്നിരുന്നെങ്കില്‍ അത് ഒരിയ്ക്കലും ബിജെപിയുടെ നേട്ടമാവില്ലായിരുന്നു. മെട്രോമാന്‍ ഇ ശ്രീധരന്‍ എന്ന വ്യക്തിപ്രഭാവത്തിനാണ് ഇനങ്ങള്‍ വിധിയെഴുതിയത്. ഒരുഘട്ടത്തില്‍ 7000 വോട്ട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മത്സരം കാഴ്ചവച്ചത്.

തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആകാംക്ഷയോടെയാണ് ജനം കണ്ടത്. പാലക്കാട് തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു ഇ. ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹവും ഇ ശ്രീധരന്‍ പങ്കുവച്ചിരുന്നു.

ആദ്യ ഫല സൂചന പുറത്തുവന്നപ്പോള്‍ ശ്രീധരന്‍ മുന്നേറിയിരുന്നു. 2136 ലീഡുണ്ടായിരുന്നിടത്തു നിന്നാണ് ശ്രീധരന്‍ പിന്നോട്ടു പോയിരിക്കുന്നത്
ബിജെപി സ്വാധീനമേഖലകളില്‍ മുന്നേറ്റം നടത്തിയ ശ്രീധരന്‍ പിന്നീട് രണ്ട് റൗണ്ടുകളിലും അത് നിലനിര്‍ത്തി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ലീഡ് നേടിയ ഇടങ്ങളിലും ശ്രീധരന്‍ മുന്നേറ്റം കാഴ്ച വെച്ചു.

രണ്ട് റൗണ്ട് എണ്ണിയപ്പോള്‍ ലീഡ് നില 3000ത്തിലേക്ക് എത്തി നിന്നിരുന്നു. യുഡിഎഫ് സ്വാധീന മേഖലകളില്‍ കൂടി കടന്നു കയറിയാണ് ആദ്യ ഘട്ടത്തില്‍ ഇ ശ്രീധരന്‍ ലീഡ് ഉയര്‍ത്തിയത്. കല്‍പ്പാത്തിയും പുത്തൂരും അടക്കം യുഡിഎഫ് സ്വാധീന മേഖലകളിലെ ശ്രീധരന്റെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു.

ശ്രീധരന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു പാലക്കാട്. ശ്രീധരനെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ കരുക്കള്‍ നീക്കിയ കേന്ദ്ര ബിജെപി നേതൃത്വം പാലക്കാട് ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പ്രചാരണം നയിച്ചതും ഇതിന്റെ ഭാഗമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഡിഎംആര്‍സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്.

ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്നോക്രാറ്റെന്ന നിലയിലാകും തനിയ്ക്ക് ജനങ്ങള്‍ വോട്ടുചെയ്യുകയെന്നും മെട്രോമാന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും, മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

ഇന്ത്യയുടെ മെട്രോമാന്‍ എന്നറിയപ്പെടുന്ന എളാട്ടുവളപ്പില്‍ ശ്രീധരന്‍ 1932 ജൂണ്‍ 12 ന് കേരളത്തിലെ പാലക്കാട് ജില്ലയിലെ കറുകപുത്തൂരില്‍ ജനിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള ചാത്തന്നൂരിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ആന്ധ്രാപ്രദേശിലെ കാക്കിനാടയിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. ഐഇഎസ് നേടിയാണ് പിന്നീട് ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിംഗ് സര്‍വീസില്‍ പ്രവേശിച്ചത്.

രാമേശ്വരത്ത് ചുഴലിക്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലത്തിന്റെ പുനര്‍ നിര്‍മാണമാണ് അദ്ദേഹത്തിന് കരിയറിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച കടമ്പ. പാമ്പന്‍ പാലം റെക്കോര്‍ഡ് വേഗത്തില്‍ പുനര്‍നിര്‍മിക്കുകയും അതിന് പിന്നാലെ ശ്രീധരന്‍ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. പിന്നീട് കൊങ്കണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, കൊല്‍ക്കത്ത മെട്രോ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ദില്ലി മെട്രോ റെയില്‍, കൊച്ചി മെട്രോ, ലഖ്‌നൗ മെട്രോ തുടങ്ങിയ നിരവധി എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി.

നിശ്ചിത സമയപരിധിക്കുള്ളില്‍ തന്റെ എല്ലാ പ്രോജക്റ്റുകളും പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയിലെ നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ ശ്രീധരന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ വിശിഷ്ട കരിയറില്‍ ഇ ശ്രീധരനെ തേടി ലോകമെമ്പാടുമുള്ള നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഓണററി ഡോക്ടറേറ്റുകളും തേടിയെത്തി.

പദ്മ വിഭൂഷന്‍, പത്മശ്രീ, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ‘ഷെവലിയര്‍ ഡി ലാ ലീജിയന്‍ ഡി ഹോനര്‍’, ‘ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍’, ജപ്പാനിലെ പരമോന്നത പൗര പുരസ്‌കാരം, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ സ്റ്റാര്‍, ജി-ഫയല്‍സ് അവാര്‍ഡുകള്‍ എന്നിവ അവയില്‍ ചിലതാണ്.

2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേരുന്നതുവരെ ജീവിതത്തിലുടനീളം അദ്ദേഹം തികച്ചും രാഷ്ട്രീയേതര സമീപനമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

Exit mobile version