കുപ്പി വെള്ളത്തിന് “രണ്ട് രൂപ” അധിക വില ഈടാക്കി: കടക്കാരന് 5000 രൂപ പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്

മലപ്പുറം: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്. കുപ്പി വെള്ളം 13 രൂപയ്ക്ക് നല്‍കണമെന്ന് നിയമമുണ്ട്. എന്നാല്‍ രണ്ട് രൂപ കൂട്ടി 15 രൂപയ്ക്ക് വില്‍പ്പന നടത്തിയതിനാണ് 5000 രൂപ പിഴയിട്ടത്.

കരുവാരകുണ്ട് കിഴക്കേത്തലയില്‍ ബസ് സ്റ്റാന്റിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ചപ്പാത്തി കമ്പനിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 13 രൂപ വിലയുള്ള ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപ ഈടാക്കിയതായി എടപ്പറ്റ പുളിയക്കോട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പുളിയക്കോട് സ്വദേശിയായ യുവാവ് ഏപ്രില്‍ 24ന് ചപ്പാത്തി കമ്പനിയില്‍ നിന്നും ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ വാങ്ങി. 1 ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപയേ ഈടാക്കാന്‍ പാടുള്ളൂവെന്ന നിയമം നിലനില്‍ക്കെ 15 രൂപയാണ് കടക്കാരന്‍ ഈടാക്കിയത്. അമിത വിലയാണന്ന് യുവാവ് കടക്കാരനോട് പരാതി പറഞ്ഞെങ്കിലും 15 രൂപയുടെ ബില്‍ നല്‍കി കടയുടമ പണം വാങ്ങുകയും ചെയ്തു.

ഇതോടെ യുവാവ് ലീഗല്‍ മെട്രോളജി അധികൃതരെ വിവരം അറിയിച്ചു. അധികൃതര്‍ നടത്തിയ പരിശോധനയില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ കടക്കാരന് പിഴയിടുകയായിരുന്നു.

Exit mobile version