സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; വാരാന്ത്യ നിയന്ത്രണം തുടരും, രോഗം കൂടിയ ഇടങ്ങള്‍ അടച്ചിടും; സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരാനും യോഗം തീരുമാനിച്ചു.

നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായത്.

കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.

ആദിവാസി മേഖലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായിട്ടുണ്ട്. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.

ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാമെന്നും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.

Exit mobile version