കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; പാലക്കാട് 54 കുതിരകളെ അണിനിരത്തി കുതിരയോട്ടം! കാഴ്ചക്കാരായി ഒത്തുകൂടിയത് നിരവധി പേര്‍, സംഘാടകര്‍ക്കെതിരെ കേസ്

പാലക്കാട്: കൊവിഡ് 19 ന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് അലയടിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി പാലക്കാട് കുതിരയോട്ടം നടത്തി. കൊവിഡ് പടരുന്ന വേളയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങള്‍ മുന്‍പോട്ട് വെച്ചിരുന്നു. ഇവയെല്ലാം നിഷ്‌കരുണം തള്ളിയാണ് കുതിരയോട്ടം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. 54 കുതിരകളെയാണ് പരിപാടിയില്‍ അണിനിരത്തിയത്. അതേസമയം, ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. കുതിരപ്പുറത്തുണ്ടായിരുന്ന ആള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് കുതിരയോട്ടം നിര്‍ത്തിച്ചു. സംഘാടകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി സംഘാടകര്‍ പോലീസിനോടും നഗരസഭയോടും അനുമതി തേടിയിരുന്നു. ചടങ്ങുകള്‍ക്ക് അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സംഘാടകര്‍ വേലയോട് അനുബന്ധിച്ചുളള കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. ആദ്യസമയത്ത് കാണികള്‍ ഇല്ലായിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശത്തുമായി ജനങ്ങള്‍ തിങ്ങിനിറയുകയായിരുന്നു. ശേഷം സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശി ജനങ്ങളെ ഓടിക്കുകയായിരുന്നു.

Exit mobile version