തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, അതിവേഗം വരുന്ന ലോറിയെ കണ്ട് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പാഞ്ഞുകയറി!

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. വെമ്പായം, പിരപ്പന്‍കോടിന് സമീപമാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറി തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറിയുടെ നിയന്ത്രണം വിട്ട വരവ് കണ്ട ബസ് ഡ്രൈവര്‍ റോഡില്‍ ഇടതുവശത്തേക്ക് ബസ് ഒതുക്കിയെങ്കിലും ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയത് ആവാം അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് വിവരം.

Exit mobile version