‘നിര്‍ത്തണേ… നിര്‍ത്തണേ’ സ്വന്തം കൂട്ടുകാരിക്ക് വേണ്ടിയുള്ള അപേക്ഷ വകവെച്ചില്ല; കയറിയിറങ്ങി! വാവിട്ട് കരഞ്ഞ് ആവണി, പകപ്പ് മാറാതെ പെണ്‍കുട്ടി

പ്രിയപ്പെട്ട കൂട്ടുകാരിക്ക് നേരെ മരണം പാഞ്ഞടുത്തപ്പോൾ ആവണി അലറി വിളിച്ചു. ‘നിർത്തണേ… നിർത്തണേ….’ എന്നാൽ ആവണിയുടെ കരച്ചിലും അപേക്ഷയും പാഞ്ഞെത്തിയ ബസിന്റെ ഡ്രൈവർ വകവെച്ചില്ല. മനുഷ്യ ജീവന് വിലകൽപ്പിച്ചിരുന്നുവെങ്കിൽ, ബ്രേക്കിൽ കാലൊന്ന് അമർന്നിരുന്നെങ്കിൽ സഫ്നയുടെ ജീവൻ ഇന്ന് നഷ്ടപ്പെടുകയില്ലായിരുന്നു.

ഇടിച്ചിട്ട അതേ കെ.എസ്.ആർ.ടി.സി. ബസിന്റെ അടിയിലേക്ക് തെറിച്ചുവീണ സഹപാഠിയെക്കണ്ട് വാവിട്ടു കരഞ്ഞുകൊണ്ട് സമീപത്തുള്ള കടയിലേയ്ക്ക് ആവണി ഓടിക്കയറുകയായിരുന്നു. കൺമുൻപിൽ കണ്ട ദുരന്തത്തിൽ നിന്നും ആവണി ഇനിയും മുക്തി നേടിയിട്ടില്ല. കൂട്ടുകാരിയുടെ കൈ ഒടിഞ്ഞ് ആശുപത്രിയിലാണെന്നു മാത്രമെ തലവടി കുരിയാലിച്ചിറയിൽ ഗിരീഷ് മകൾ ആവണിയോട് പറഞ്ഞിട്ടുള്ളൂ.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ വീട്ടിൽനിന്ന് കോമളപുരത്തെ ട്യൂഷൻ സെന്ററിലേക്ക് വന്നതായിരുന്നു ആവണി. അതേസമയം ട്യൂഷൻ സെന്ററിലേക്കു വരാനായി കോമളപുരത്ത് സ്വകാര്യബസ് ഇറങ്ങി സഫ്ന റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുവരുന്നത് ആവണി കാണുന്നുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിനുനേരേതിരിഞ്ഞു നിർത്താനായി ആവണി അലറിക്കരഞ്ഞെങ്കിലും ഡ്രൈവർ ഓടിച്ചു കയറ്റുകയായിരുന്നു.

കൺമുന്നിൽ നടന്ന അപകടത്തിൽ നടുങ്ങിയിരുന്ന ആവണിയെ വീട്ടിൽനിന്ന് അച്ഛനെവിളിച്ചുവരുത്തി നാട്ടുകാർ കൂടെഅയച്ചു. സഫ്നയുടെ വിയോഗം അറിഞ്ഞ് വഴിയോരത്തുനിന്ന് പൊട്ടിക്കരഞ്ഞ ട്യൂഷൻ സെന്ററിലെ സഹപാഠികളെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും സാധിച്ചില്ല. ആലപ്പുഴയ്ക്കും തണ്ണീർമുക്കത്തിനുമിടയിൽ സ്വകാര്യ ബസുകൾക്ക് ഓടാൻ പെർമിറ്റുള്ള ആലപ്പുഴ-മണ്ണഞ്ചേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും മത്സര ഓട്ടം പതിവാണെന്നു നാട്ടുകാർ പറയുന്നു. റോഡിനു പുറത്ത് നടപ്പാതയിൽവെച്ചാണ് സഫ്നയെ ബസ് ഇടിച്ചു തെറിപ്പിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Exit mobile version