കേന്ദ്രം കോവിഡ് വാക്‌സിന്‍ തരുന്നതും നോക്കിയിരിക്കില്ല, വാങ്ങാന്‍ നടപടി ആരംഭിച്ചു: അസുഖമുള്ളവര്‍ക്ക് മുന്‍ഗണന; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ തരുന്നതും നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു.

എന്നാല്‍ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകള്‍ സജ്ജീകരിക്കും. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട 1.65 കോടിയാളുകള്‍ കേരളത്തിലുണ്ട്. അതിനാല്‍ തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാന്‍ സംവിധാനം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം വാക്‌സിന് ഓര്‍ഡര്‍ നല്‍കും.

അടിയന്തരസാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചു. രോഗികള്‍ ക്രമാതീതാമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ രണ്ട് സെക്ടറായി തിരിച്ച് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version