എറണാകുളം ശിവകുമാറിന്റെ പുറത്തേറി നെയ്തലക്കാവ് ഭഗവതി എത്തി; ചടങ്ങ് മാത്രമായി തൃശ്ശൂര്‍ പൂരം വിളംബരം

തൃശ്ശൂര്‍: ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് പൂരവിളംബരം. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. നാളെയാണ് പൂരം.

എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് നെയ്തലക്കാവില്‍ അമ്മ എത്തിയത്.
രാവിലെ എട്ടരയോടെ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനിയിലെത്തിയ ശേഷം വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തേക്ക് പ്രവേശിച്ചു. വടക്കുംനാഥനെ വലംവെച്ച് അനുവാദം ചോദിച്ച ശേഷം തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി.

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി നാളെ തൃശൂര്‍ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം.

പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ച് ആനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും.

പൂര നഗരിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല.

കുടമാറ്റം പ്രതീകാത്മകമായി മാറ്റുന്നതിനാല്‍ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ കൂടിക്കാഴ്ചയായിരിക്കും തെക്കേനടയിലെ പൂരപ്പറമ്പില്‍ നടക്കുക. പതിനായിരങ്ങള്‍ക്കു പകരം രണ്ടായിരത്തോളം പേര്‍ മാത്രമാവും ഇതിന് സാക്ഷ്യം വഹിക്കാന്‍ ഉണ്ടാവുക. അതില്‍ ഉണ്ടാവുക ദേവസ്വം ഭാരവാഹികളും ജീവനക്കാരും പാപ്പാന്‍മാരും വാദ്യക്കാരും മാധ്യമപ്രവര്‍ത്തകരും പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രം. ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങുന്ന ഇലഞ്ഞിത്തറ മേളവും ശ്രീമൂലസ്ഥാനത്തെ മേളവും തീരുമ്പോള്‍ നാലരയാവും.

തെക്കുവശത്ത് 15 ആനകളും വടക്കു വശത്ത് ഒരാനയുമായുള്ള കാഴ്ചയായിരിക്കും വൈകീട്ട് അഞ്ചരയോടെ രൂപപ്പെടുക. ഇരു ദേവസ്വങ്ങളും രണ്ട് കുടകള്‍ വീതം മാറ്റി കുടമാറ്റം എന്ന ചടങ്ങ് നിര്‍വഹിക്കും. ഇതിനു ശേഷം പാറമേക്കാവ് വിഭാഗമാണ് ആദ്യം പൂരപ്പറമ്പില്‍നിന്ന് മടങ്ങുക. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് തെക്കോട്ട് നീങ്ങി രാജാവിന്റെ പ്രതിമയെ വലംവച്ച ശേഷം തെക്കേ മഠത്തിലേക്ക് തിരിച്ചു പോവും. ആറുമണിയോടെ പൂരപ്പറമ്പില്‍ നിന്ന് എല്ലാവരും ഒഴിയും.

Exit mobile version