ജ്യോതി ടീച്ചറേ..ഏറെ അഭിമാനം! വിദ്യാര്‍ത്ഥി കോവിഡ് പോസിറ്റീവ്, ആശങ്കയോടെ മറ്റ് അധ്യാപകര്‍: പിപിഇ കിറ്റ് ധരിച്ച് ഇന്‍വിജിലേറ്ററായി സ്വയം ഡ്യൂട്ടി ഏറ്റെടുത്ത് മാതൃക

തൃശ്ശൂര്‍: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പുരോഗമിക്കുകയാണ്. കോവിഡ് വ്യാപനത്തിനിടെ ഏറെ കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. അതിനിടയില്‍ കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്.

കോവിഡ് 19 പോസിറ്റീവായ വിദ്യാര്‍ത്ഥി പരീക്ഷയ്‌ക്കെത്തുന്നത് അറിഞ്ഞ് മാതൃകാപരായി ഇടപ്പെട്ട ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പളാണ് കെആര്‍ ജ്യോതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

മറ്റ് ടീച്ചര്‍മാര്‍ ആശങ്കയോടെ നിന്നപ്പോള്‍ കോവിഡ് മുന്‍കരുതലുകളെടുത്ത് സ്വയം ഇന്‍വിജിലേറ്ററായി ടീച്ചര്‍ മാതൃക കാണിച്ചിരിക്കുകയാണ്. നിരവധി പേരാണ് ടീച്ചറുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നത്.

ടീച്ചറുടെ കുറിപ്പ്:


”ജ്യോതി ടീച്ചറേ.. നിറഞ്ഞ സ്നേഹമേ.. ഏറെ അഭിമാനം…
ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രിൻസിപ്പളാണ് കെ ആർ ജ്യോതിടീച്ചർ. കോവിഡ് 19 പോസിറ്റീവായ വിദ്യാർത്ഥി ഹയർസെക്കൻഡറി പരീക്ഷ എഴുതുവാൻ എത്തുന്നുണ്ട് എന്നറിഞ്ഞതോടെ എക്സാം ഡ്യൂട്ടിക്ക് ടീച്ചർമാർക്കിടയിൽ ഒരാശങ്ക.

എക്സാം ഡ്യൂട്ടിക്ക് ആരെയാവും ചുമതലപ്പെടുത്തുകയെന്ന്. ഇത്തരമൊരു അനുഭവം അവർക്ക് ഇതാദ്യമാണല്ലോ (സ്വാഭാവികമായും അവർ ആശങ്കപ്പെടും, നാട്ടിൽ കോവിഡിന്റെ സാഹചര്യം അതാണല്ലോ). എല്ലവരും മറ്റു സ്‌കൂളുകളിൽ നിന്നെത്തിയവരാണ്. ഇത് മനസ്സിലാക്കിയ ജ്യോതി ടീച്ചർ തന്നെ എക്സാം ഡ്യൂട്ടിക്ക് നിൽക്കാമെന്ന് തീരുമാനിക്കുന്നു.

ഉടൻ പിപിഇ കിറ്റ് ധരിക്കുന്നു, ചുമതല ഏറ്റെടുക്കുന്നു. സ്‌കൂളിൽ കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി കോവിഡ് പോസിറ്റീവാണ് എന്ന് പരിശോധനയിൽ വ്യക്തമായി. ഇതോടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ജ്യോതി ടീച്ചർ ആ വിദ്യാർത്ഥിക്കൊപ്പം പരീക്ഷ എഴുതിയ എല്ലാവരെയും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒന്നിച്ച് മറ്റൊരു പരീക്ഷാ ഹോളിൽ ഇരുത്തി പരീക്ഷാ നടപടി ക്രമങ്ങൾ സുഖമമായി നടത്തുവാനുള്ള സംവിധാനം ചെയ്തു.

എന്നിട്ട് കോവിഡ് പോസിറ്റീവായ വിദ്യാർത്ഥിയുടെ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്ററായി ജ്യോതി ടീച്ചർ തന്നെ ചുമതല ഏറ്റെടുത്തു. മൂന്ന് – മൂന്നര മണിക്കൂർ നേരമാണ് ടീച്ചർ ആ പിപിഇ കിറ്റ് ധരിച്ച് എക്സാം ഡ്യൂട്ടിക്ക് നിന്നത്. ഏറെ അഭിമാനം തോന്നുന്നു ടീച്ചറെക്കുറിച്ച് ഇത് എഴുതുമ്പോൾ..
——
ഇനി പൊതുവായ ചില കാര്യങ്ങൾ അഭിവന്ദ്യ അധ്യാപക സമൂഹത്തോട് സൂചിപ്പിക്കാനുള്ളത്..
നാട്ടിൽ കോവിഡ് രോഗവ്യാപനം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഈ മഹാമാരി കേൾക്കുമ്പോലെ അത്ര സുഖകരമല്ല വരുമ്പോൾ. ഞാനും ഈ രോഗം വന്ന് ഭേദമായ ഒരാളാണ്. നിങ്ങൾക്കും ഒരുപക്ഷേ ഇത് പകർന്നെന്നു വരാം (അങ്ങനെ സംഭവിക്കാതിരിക്കട്ടെ). കോവിഡ് രോഗബാധിതരുള്ള പരീക്ഷാ ഹാളിൽ പരീക്ഷാ ഡ്യൂട്ടിക്ക് ചില അധ്യാപകർ കയറാൻ വിസമ്മതിച്ചതായി അറിഞ്ഞു (എത്രത്തോളം വസ്തുതയുണ്ട് എന്നറിയില്ല. ഇത്തരമൊരു വിഷയമായത് കൊണ്ട് തന്നെ ഉറപ്പിക്കാൻ കഴിയില്ലല്ലോ. എങ്കിലും പലരോടും അന്വേഷിച്ചപ്പോൾ സംഭവം സത്യമാണ് എന്നാണ് അറിഞ്ഞത്).

അങ്ങനെയുണ്ടായിട്ടുണ്ട് എങ്കിൽ, അവരോടായായി പറയാൻ ഒന്നേയുള്ളൂ… നിങ്ങൾ ചെയ്തതിൽ തെറ്റുണ്ട് എന്നല്ല, സ്വാഭാവികമാണ്.. ആശങ്കയുണ്ടാവാം. എന്നാൽ, അത് ധാർമ്മികമാണോ എന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. ആവശ്യമായ മുൻകരുതലുകൾ എടുത്താൽ മതി. കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങളാണ് ഈ പറഞ്ഞ പിപിഇ കിറ്റും മറ്റും. ഇതൊക്കെയുണ്ടായിട്ടും ഡ്യൂട്ടിക്ക് കയറാൻ വിസമ്മതിച്ചിട്ടുണ്ട് എങ്കിൽ അത് ശരിയായി തോന്നുന്നില്ല. നാളെ കൂടുതൽ കുട്ടികൾ ഒരുപക്ഷെ കോവിഡ് പോസിറ്റീവായി പരീക്ഷ എഴുതാൻ വന്നേക്കാം (അങ്ങനെ സംഭവിക്കാതിരിക്കട്ടെ). അങ്ങനെയുണ്ടായാൽ അന്നും ഇതേ നിലപാട് നിങ്ങൾ സ്വീകരിക്കരുതേ”..

Exit mobile version